തിരുവനന്തപുരം: കേരളത്തിലെ പുതിയ യുഡിഎഫ് സര്‍ക്കാരിന്റെ മന്ത്രിമാരെയും അവര്‍ക്ക് അനുവദിച്ച വകുപ്പുകളെയും കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്ന് നടക്കും. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍ നടത്തുന്ന വാര്‍ത്താസമ്മേളനത്തിലാകും മന്ത്രിസഭാംഗങ്ങളുടെ അന്തിമ പട്ടിക പുറത്തുവിടുക. പട്ടിക തയ്യാറായതോടെ ഇന്ന് തന്നെ രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് കൈമാറും.
മന്ത്രിസഭയിലെ രണ്ടാമനായി രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. ധനവകുപ്പിന് പുറമെ തുറമുഖം കൂടി മുഖ്യമന്ത്രി വി.ഡി. സതീശന്‍ തന്റെ കീഴില്‍ നിലനിര്‍ത്തിയേക്കും. മറ്റു പ്രധാന സാധ്യതകള്‍ ഇവയാണ്:
കെ. മുരളീധരന്‍: ആരോഗ്യവകുപ്പ്.
സണ്ണി ജോസഫ്: റവന്യൂ വകുപ്പ്.
എ.പി. അനില്‍കുമാര്‍: ടൂറിസം, എക്‌സൈസ്.
പി.സി. വിഷ്ണുനാഥ്: ഉന്നത വിദ്യാഭ്യാസം.
ബിന്ദു കൃഷ്ണ: സാമൂഹ്യനീതി വകുപ്പ് (മന്ത്രിസഭയിലെ വനിതാ സാന്നിധ്യം).
സി.പി. ജോണ്‍: സഹകരണ വകുപ്പ്.
മോന്‍സ് ജോസഫ് (കേരള കോണ്‍ഗ്രസ്): ജലവിഭവ വകുപ്പ്.
മുസ്ലിം ലീഗിന് 2011-ലെ മന്ത്രിസഭയില്‍ ലഭിച്ച അതേ വകുപ്പുകള്‍ തന്നെ നല്‍കാനാണ് മുന്നണിയിലെ ധാരണ.
നിയമസഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് ഗൗരവമായി പരിഗണിക്കുന്നത് മൂന്ന് പേരുകളെയാണ്. മുന്‍ സ്പീക്കര്‍ എന്‍. ശക്തന്‍, റോജി എം. ജോണ്‍, വി.ടി. ബല്‍റാം എന്നിവരാണ് പട്ടികയിലുള്ളത്. അതേസമയം, തീരുവഞ്ചൂര്‍ രാധാകൃഷ്ണനും ഷാനിമോള്‍ ഉസ്മാനും പരിഗണനയില്‍ ഉണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. യുവനേതാക്കളെ സ്പീക്കര്‍ പദവിയിലേക്ക് കൊണ്ടുവരണമെന്ന ചര്‍ച്ചയും സജീവമാണ്.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി നടന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ക്കും മുന്നണി യോഗങ്ങള്‍ക്കും ശേഷമാണ് വകുപ്പു വിഭജനത്തില്‍ അന്തിമ തീരുമാനമായത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇത്തവണ കോണ്‍ഗ്രസ് നേരിട്ട് ഏറ്റെടുക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങുകളുടെ തീയതിയും ഇന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കും.















