ഹൈദരാബാദ്: പ്രണയാഭ്യർത്ഥന നിരസിച്ച യുവതിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. കൊലപാതകം ചെയ്ത പ്രതി ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടു.മഹബൂബ് നഗറിലെ ജാഡ്ചെർല പട്ടണത്തിൽ ശനിയാഴ്ച വൈകുന്നേരം നടുറോഡിൽ വച്ചായിരുന്നു സംഭവം.
ജഡ്ചേർലയിലെ സ്വകാര്യസ്കൂളിൽ റിസപ്ഷനിസ്റ്റായ വൈഷ്ണവി (21) യാണ് കൊല്ലപ്പെട്ടത്. പ്രണയത്തിന്റെ പേരിൽ പ്രതി കുറച്ചു നാളുകളായി പെൺകുട്ടിയെ പിന്തുടരുകയും ഉപദ്രവിക്കുകയും ചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച വൈഷ്ണവി ബസിൽ നിന്നിറങ്ങി നടക്കുമ്പോൾ പ്രതികൾ പൊതുജനങ്ങളുടെ മുന്നിൽ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
പ്രതി വൈഷ്ണവിയെ നിരന്തരം ശല്യംചെയ്തിരുന്നതായാണ് വിവരം. ഇയാൾ പലതവണ പ്രണയാഭ്യർത്ഥനയും നടത്തിയിരുന്നു. നിരസിച്ചതിനെ തുടർന്നുള്ള പകയാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്.
ആക്രമണത്തിനുശേഷം പ്രതി സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി. ആൾക്കൂട്ട മർദ്ദനത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ പ്രതിയെ പൊലീസെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.
പ്രതിയുടെ പേര് തേജ എന്നാണെന്നും പൊലീസ് പറഞ്ഞു. ഇയാളുടെ തിരിച്ചറിയൽ കാർഡുകളോ മൊബൈൽഫോണോ സംഭവസ്ഥലത്തുനിന്ന് കിട്ടിയിട്ടില്ലെന്നും പോലീസ് പറയുന്നു. പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.















