കണ്ണൂർ: മംഗല്യപ്പന്തലിലേക്ക് ചുവടുവെക്കേണ്ടിയിരുന്ന വിവാഹദിനത്തിൽ നാടിനെയാകെ നടുക്കി വരന്റെ വിയോഗവാർത്ത. ജമ്മു കശ്മീരിൽ എസ്.എസ്.ബി. ബോർഡർ പൊലീസ് ഉദ്യോഗസ്ഥനായ മുണ്ടേരി പഞ്ചായത്ത് മാവിലാച്ചാൽ കൊല്ലൻ ചിറ റോഡിലെ നാരായണീയത്തിൽ ഷബിൻ (29) ആണ് വിവാഹപ്പുലരിയിൽ ജീവനൊടുക്കിയത്.
ഞായറാഴ്ച രാത്രി ഷബിന്റെ വീട്ടിൽ വിവാഹത്തോടനുബന്ധിച്ചുള്ള വിരുന്നും ആഘോഷങ്ങളും നടന്നിരുന്നു. അർധരാത്രിയോടെ സൽക്കാരം കഴിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും മടങ്ങിയ ശേഷമാണ് സംഭവങ്ങളുടെ തുടക്കം. ഈ സമയം ഷബിന് ഫോൺ വരികയും, നവവധുവാണ് വിളിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. ഫോണിൽ സംസാരിച്ചുകൊണ്ട് മുറിയിലേക്ക് പോയ ഷബിൻ വാതിലടയ്‌ക്കുകയായിരുന്നു.
തിങ്കളാഴ്ച പുലർച്ചെ 4.45-ഓടെ മക്രേരി അമ്പലത്തിൽ വെച്ച് നടത്താനിരുന്ന വിവാഹ ഫോട്ടോഷൂട്ടിനായി വിളിക്കാൻ വീട്ടുകാർ ചെന്നപ്പോഴാണ് കാണുന്നത്. മുറി തുറന്നുനോക്കിയ വീട്ടുകാർ കണ്ടത് ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിലുള്ള ഷബിനെയാണ്. ഉടൻ തന്നെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. മരണത്തിലേക്ക് നയിച്ച യഥാർത്ഥ കാരണം എന്താണെന്ന് വ്യക്തമല്ല.
പെരുതേരി ഭരതന്റെയും കൊല്ലൻചിറ അങ്കണവാടി വർക്കർ ഷീബയുടെയും മകനാണ് അന്തരിച്ച ഷബിൻ. കണ്ണൂർ ശ്രീ ചന്ദ് ആശുപത്രിയിലെ നഴ്സായ അഭിഷയാണ് സഹോദരി.















