തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് യുഡിഎഫ് നൽകിയ ഗ്യാരണ്ടികൾ നടപ്പിലാകാൻ വൈകും. അഞ്ച് ഗ്യാരണ്ടികളിൽ രണ്ടെണ്ണം മാത്രമാണ് ഇപ്പോൾ നടപ്പിലാക്കുകയെന്ന് മുഖ്യമന്ത്രി വി. ഡി സതീശൻ പറഞ്ഞു. സത്യപ്രതിഞ്ജ ചെയ്ത് അധികാരം ഏറ്റെടുത്ത ശേഷമുള്ള ആദ്യ വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യയാത്ര, വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ് എന്നിവയാണ് നടപ്പിലാക്കാൻ പോകുന്നത്. എന്നാൽ മെയ് 15 മുതൽ സൗജന്യയാത്ര എന്നായിരുന്നു യുഡിഎഫിന്റെ ഇന്ദിരാ ഗ്യാരണ്ടിയിൽ പറഞ്ഞിരുന്നത്. എന്നാൽ ഇത്
നടപ്പിലാകാൻ ജൂൺ 15 വരെ കേരളം കാത്തിരിക്കണം. മാത്രമല്ല എല്ലാം ബസുകളിലും സൗജന്യ യാത്ര ആണോ എന്ന ചോദ്യത്തിന് വിശദാംശങ്ങൾ പിന്നീട് വ്യക്തമാക്കും എന്നായിരുന്നു സതീശൻ നൽകിയ മറുപടി. ഇതോടെ ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് എന്നിവ ഒഴിവാക്കി, സാധാരണ ബസുകളിൽ മാത്രമാണോ സൗജന്യം എന്ന സംശയവും ഉയരുന്നുണ്ട്.
കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1,000 രൂപ ധനസഹായം,
ക്ഷേമ പെൻഷനുകൾ 3,000 രൂപയായി വർദ്ധിപ്പിക്കൽ, എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപ വരെയുള്ള സൗജന്യ ‘ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്, യുവജനങ്ങൾക്ക് ബിസിനസ്സ് ആരംഭിക്കുന്നതിന് 5 ലക്ഷം രൂപ വരെ പലിശ രഹിത വായ്പ എന്നിവ എപ്പോൾ നടപ്പിലാക്കുമെന്നോ പദ്ധതിയെ കുറിച്ചോ വി.ഡി സതീശൻ കൂടുതലൊന്നും പറഞ്ഞില്ല. ആദ്യ മന്ത്രിസഭാ യോഗത്തിൽ എല്ലാം തീരുമാനിച്ചാൽ വരും ദിവസങ്ങളിൽ വെറുതെ ഇരിക്കേണ്ടി വരില്ലേ എന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കുള്ള സതീശന്റെ മറുപടി.
അതേസമയം, ആശാ വർക്കർമാർക്ക് ഓണറേറിയത്തിൽ 3000 രൂപയുടെ വർധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. അംഗൻവാടി വർക്കർമാർ, ഹെൽപ്പർക്ക് എന്നിവക്കും വേതനവും 1000 രൂപ കൂട്ടി. പാചക തൊഴിലാളികൾക്ക് 1000 രൂപ വർധിപ്പിക്കും.
നവകേരള സദസ്സ് പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാർ ആളുകളെ വളഞ്ഞിട്ട് മർദ്ധിച്ച സംഭവം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷിക്കുമെന്നും വി. ഡി സതീശൻ പറഞ്ഞു.സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം ഇറക്കുമെന്നും അദ്ദേഹം അറിയിച്ചു.














