തിരുവനന്തപുരം: മെയ് 21 മുതല്‍നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്തതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. എംഎൽഎമാരുടെ സത്യപ്രതിജ്ഞ നടത്തുന്നതിനും സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനുമായിട്ടാണ് ഈ പ്രത്യേക സമ്മേളനം ചേരുന്നത്. ആദ്യ മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മെയ് 21-ന് എംഎൽഎമാരുടെ സത്യപ്രതിജ്ഞ നടത്താനും മെയ് 22-ന് സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനുമായി നിയമസഭയുടെ ഒരു പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ ഗവർണർ രാജേന്ദ്ര അർലേക്കറോട് ശുപാർശ ചെയ്തിട്ടുണ്ട്. അംഗീകാരം കിട്ടുന്നതനുസരിച്ച് മെയ് 29-ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഉണ്ടാകും.’ മുഖ്യമന്ത്രി പറഞ്ഞു.
‘സഭയിലെ ഏറ്റവും മുതിർന്നയാളും അമ്പലപ്പുഴ എംഎൽഎയുമായ മുൻമന്ത്രി ജി. സുധാകരനെ പ്രോ ടേം സ്പീക്കറായി നിയമിക്കുന്നതിന് തീരുമാനമായി. അടുത്ത മന്ത്രിസഭാ യോഗം ബുധനാഴ്ച ചേരും.’ വി.ഡി. സതീശൻ പറഞ്ഞു.
കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര, വയോജനങ്ങൾക്ക് വേണ്ടി പ്രത്യേകം വകുപ്പ്, ആശ വർക്കർമാർക്കായുള്ള പ്രത്യേക പാക്കേജുകൾ എന്നിവയെക്കുറിച്ചെല്ലാം ആദ്യ മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനങ്ങൾ കൈക്കൊണ്ടതായി മുഖ്യമന്ത്രി പറഞ്ഞു.















