തൊടുപുഴ: ഇടുക്കി ജില്ലയിൽ കെഎസ്ആർടിസി സർവീസുകൾ കടുത്ത പ്രതിസന്ധിയിലേക്ക്. ടയർ ക്ഷാമം രൂക്ഷമായതോടെ ജില്ലയിലെ മിക്ക ഡിപ്പോകളിലും ബസുകൾ കട്ടപ്പുറത്തായിരിക്കുകയാണ്. നിലവിൽ ഒരോ ഡിപ്പോയിലും രണ്ടോ മൂന്നോ ബസുകൾ വീതമാണ് ടയറില്ലാത്തതു മൂലം സർവീസ് നടത്താനാകാതെ കിടക്കുന്നത്. ഇതോടെ ജില്ലയിലെ പ്രധാന റൂട്ടുകളിലടക്കം കെഎസ്ആർടിസി സർവീസുകൾ വെട്ടിച്ചുരുക്കി തുടങ്ങി.
കെഎസ്ആർടിസി പുതുതായി നിരത്തിലിറക്കിയ പ്രീമിയം ബസുകളുടെ ടയറുകൾ പതിവായി പഞ്ചറാകുന്നത് പ്രതിസന്ധി ഇരട്ടിയാക്കുകയാണ്. കഴിഞ്ഞ ദിവസം മുണ്ടക്കയത്ത് വെച്ച് പ്രീമിയം ബസിന്റെ ടയർ പൊട്ടിത്തെറിച്ച സംഭവം യാത്രക്കാരെയും ജീവനക്കാരെയും ഒരുപോലെ ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്. പ്രീമിയം ബസുകളുടെ വരവോടെ മെക്കാനിക്കൽ വിഭാഗത്തിന്റെ ജോലിഭാരം ഇരട്ടിയായെങ്കിലും, ആവശ്യത്തിന് ജീവനക്കാരില്ലാത്തത് പ്രതിസന്ധി കൂടുതൽ സങ്കീർണ്ണമാക്കുന്നു.
മോശം ടയറുകളുമായി മലയോര മേഖലകളിൽ സർവീസ് നടത്തിയാൽ മഴയത്ത് വഴുതിമാറി വൻ ദുരന്തങ്ങൾ ഉണ്ടാകാൻ സാധ്യതയേറെയാണ്. അതുകൊണ്ട് തന്നെ മഴ ശക്തമാകുന്നതിന് മുൻപ് ഇടുക്കി ജില്ലയിലേക്ക് ആവശ്യത്തിന് പുതിയ ടയറുകൾ എത്തിച്ച് സർവീസുകൾ സുഗമമാക്കണമെന്നാണ് യാത്രക്കാരുടെയും ജീവനക്കാരുടെയും അടിയന്തര ആവശ്യം.















