ഇസ്ലാമബാദ്: ആഗോള ഭീകരൻ ഹാഫിസ് സയിദിന്റെ മകനും പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ രാഷ്‌ട്രീയകാര്യ ഉപദേഷ്ടാവും ഒരുമിച്ച് പരിപാടിയിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ പുറത്ത്. സെനറ്റർ റാണ സനാവും ലഷ്കർ നേതാവ് ഹാഫിസ് തൽഹ സയീദിന്റെയും ചിത്രങ്ങളാണ് ദേശീയ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. പാക് അന്തർ പ്രവിശ്യാ ഏകോപന മന്ത്രി കൂടിയയാണ് റാണ സനാവ്.

ഫൈസലാബാദിൽ നടന്ന സ്റ്റെബിലിറ്റി ഓഫ് പാകിസ്ഥാൻ കോൺഫറൻസാണ് വേദി. കൂടാതെ പ്രമുഖ നേതാവായ ഹസ്സൻ ഖുറേഷിയുടെ ശവസംസ്കാരത്തിലും ഇവർ പങ്കെടുത്തു. ഭരണകക്ഷിയായ പാകിസ്താന് മുസ്ലിം ലീഗിന്റെയും (നവാസ്), പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെയും നേതാക്കളെയും ചിത്രങ്ങളിൽ കാണാം. ഹാഫീസ് സയിദിനൊപ്പമുള്ള ചിത്രങ്ങളും കൂട്ടത്തിലുണ്ട്.
ലഷ്കർ ഇ തൊയ്ബ സ്ഥാപകൻ ഹാഫിസ് സയീദിന്റെ മകനായ തൽഹ സയീദ്, ഭീകര സംഘടനയിലെ പ്രധാനിയാണ്. ഭീകരർക്കതിരെ സീറോ ടോളറൻസ് നയമാണ് പിന്തുടരുന്നതെന്നാണ് അന്താരാഷ്‌ട്ര സമൂഹത്തിന് മുന്നിൽ ഇസ്ലാമാബാദ് ആവർത്തിച്ചുള്ള അവകാശവാദം. എന്നാൽ ഇത് കല്ലുവെച്ച നുണയാണെന്ന് വ്യക്തമാക്കുന്നതാണ് പാകിസ്ഥാനിൽ നിന്നും പുറത്തുവരുന്ന ഓരോ ചിത്രങ്ങളും.
പാകിസ്താനിലെ രാഷ്‌ട്രീയ നേതൃത്വത്തിലെ ഒരു വിഭാഗവും ലഷ്കറുമായി ബന്ധമുള്ള ബന്ധം പരസ്യമായ രഹസ്യമാണെന്ന് ഉന്നത രഹസ്യാന്വേഷണ വൃത്തങ്ങൾ സൂചിപ്പിച്ചു. അന്താരാഷ്‌ട്ര ഉപരോധങ്ങളെ ഭയന്നാണ് തീവ്രവാദ ഗ്രൂപ്പുകൾക്കെതിരെ നടപടിയെടുക്കുമെന്ന് പാകിസ്ഥാൻ ആവർത്തിച്ച് പറയുന്നതെന്നും എന്നാൽ പാകിസ്ഥാന്റെ ഉറപ്പുകളെ ആരും വിശ്വസിക്കാറില്ലെന്നും രഹസ്യാന്വേഷണ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.















