ലണ്ടന്‍: ഫുട്‌ബോള്‍ ലോകത്തെ പിടിച്ചുലച്ച ‘സ്‌പൈഗേറ്റ്’ ചാരവൃത്തി വിവാദത്തില്‍ ഇംഗ്ലീഷ് ക്ലബ്ബായ സതാംപ്റ്റണെതിരെ ഔദ്യോഗിക അന്വേഷണം ആരംഭിച്ച് ഫുട്‌ബോള്‍ അസോസിയേഷന്‍. കളിയിലെ മാന്യത തകര്‍ത്തതിന് ക്ലബ്ബിലെ ഉദ്യോഗസ്ഥര്‍ക്കും വ്യക്തികള്‍ക്കുമെതിരെ എഫ്എ കടുത്ത അച്ചടക്ക നടപടികള്‍ സ്വീകരിച്ചേക്കും. നേരത്തെ കേസ് പരിഗണിച്ച ഇംഗ്ലീഷ് ഫുട്‌ബോള്‍ ലീഗിന് ക്ലബ്ബുകള്‍ക്കെതിരെ മാത്രമേ നടപടിയെടുക്കാന്‍ അധികാരമുണ്ടായിരുന്നുള്ളൂ. ഇഎഫ്എല്ലിന്റെ നടപടികള്‍ പൂര്‍ത്തിയാകാന്‍ കാത്തിരുന്ന ശേഷമാണ് ഇപ്പോള്‍ എഫ്എ നേരിട്ട് രംഗത്തിറങ്ങിയിരിക്കുന്നത്.
വിവാദത്തെത്തുടര്‍ന്ന് ചാംപ്യന്‍ഷിപ്പ് പ്ലേ-ഓഫ് ഫൈനലില്‍ നിന്ന് സതാംപ്റ്റണെ പുറത്താക്കിയിരുന്നു. ഈ തീരുമാനത്തിനെതിരെ ക്ലബ്ബ് നല്‍കിയ അപ്പീലും തള്ളി. ശിക്ഷ വളരെ കഠിനമാണെന്ന സതാംപ്റ്റണിന്റെ വാദം തള്ളിയ കോടതി പഴയ വിധി നിലനിര്‍ത്തുകയായിരുന്നു. ഇതോടെ, ശനിയാഴ്ച നടക്കാന്‍ പോകുന്ന ചാംപ്യന്‍ഷിപ്പ് പ്ലേ-ഓഫ് ഫൈനലില്‍ മിഡില്‍സ്‌ബ്രോ ഹള്‍ സിറ്റിയെനേരിടും.
‘ഞങ്ങള്‍ ഈ വിഷയത്തില്‍ കൃത്യമായ അന്വേഷണം നടത്തും. ലഭ്യമായ തെളിവുകള്‍ പൂര്‍ണ്ണമായി വിലയിരുത്തുന്നത് വരെ കൂടുതല്‍ പ്രതികരണങ്ങള്‍ക്കില്ല,’ എന്ന് എഫ്എ പ്രസ്താവനയിലൂടെ അറിയിച്ചു. മത്സരബുദ്ധിക്ക് വിരുദ്ധമായി എതിരാളികളെ നിരീക്ഷിച്ചതിന് 2024-ല്‍ പാരീസ് ഒളിമ്പിക്‌സിനിടെ കാനഡ വനിതാ ഫുട്‌ബോള്‍ ടീം കോച്ചിനും അനലിസ്റ്റിനും ഫിഫ ഒരു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തുകയും ടീമിന്റെ 6 പോയിന്റ് വെട്ടിക്കുറയ്‌ക്കുകയും ചെയ്തിരുന്നു. ഇതിന് സമാനമായ കടുത്ത അച്ചടക്ക നടപടികളാകും സതാംപ്റ്റണ്‍ ഉദ്യോഗസ്ഥരും നേരിടേണ്ടി വരിക.
എന്താണ് ‘സ്‌പൈഗേറ്റ്’ വിവാദം?
മെയ് ഏഴിനാണ് ഈ സംഭവങ്ങളുടെ തുടക്കം. പ്ലേ ഓഫ് സെമിഫൈനല്‍ ആദ്യ പാദ മത്സരത്തിന് മൂന്ന് ദിവസം മുന്‍പ് സതാംപ്റ്റണ്‍ ഉദ്യോഗസ്ഥന്‍ തങ്ങളുടെ പരിശീലന സെഷന്‍ രഹസ്യമായി നിരീക്ഷിച്ചുവെന്ന് കാണിച്ച് മിഡില്‍സ്‌ബ്രോ ഇഎഫ്എല്ലിന് ഔദ്യോഗികമായി പരാതി നല്‍കി. തുടര്‍ന്ന് മെയ് ഒന്‍പതിന് ആദ്യ പാദ മത്സരം 0-0 ന് സമനിലയില്‍ പിരിഞ്ഞതിന് പിന്നാലെ, സതാംപ്റ്റണ്‍ വഞ്ചന കാണിച്ചതായി മിഡില്‍സ്‌ബ്രോ പരിശീലകന്‍ കിം ഹെല്‍ബര്‍ഗ് ആരോപിച്ചു.
ചാരവൃത്തി ആരോപണത്തില്‍ ഇഎഫ്എല്‍ നിയമങ്ങള്‍ ലംഘിച്ചതിന് സതാംപ്റ്റണിനെതിരെ മെയ് 12ന് കുറ്റം ചുമത്തി. എന്നാല്‍ രണ്ടാം പാദ മത്സരത്തില്‍ സതാംപ്റ്റണ്‍ 2-1 ന് ജയിച്ച് ഫൈനലില്‍ കടന്നു. തുടര്‍ന്ന് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ‘നിങ്ങള്‍ വഞ്ചകനാണോ?’ എന്ന ചോദ്യത്തിന് മറുപടി നല്‍കാതെ സതാംപ്റ്റണ്‍ കോച്ച് ടോണ്ട എക്കെര്‍ട്ട് ഇറങ്ങിപ്പോയി. തുടര്‍ന്ന് അടുത്ത ദിവസം മിഡില്‍സ്‌ബ്രോയുടെ പരിശീലന മൈതാനത്തിന് സമീപം സതാംപ്റ്റണ്‍ അനലിസ്റ്റ് നില്‍ക്കുന്ന ചിത്രങ്ങള്‍ പരസ്യമായി പുറത്തുവന്നു.
സതാംപ്റ്റണെ പ്ലേ-ഓഫില്‍ നിന്ന് പുറത്താക്കണമെന്ന് മിഡില്‍സ്‌ബ്രോ പരസ്യമായി ആവശ്യപ്പെട്ടു. സ്വതന്ത്ര സമിതിയുടെ വിചാരണയ്‌ക്ക് ശേഷം സതാംപ്റ്റണെ പ്ലേ-ഓഫ് ഫൈനലില്‍ നിന്ന് പുറത്താക്കിക്കൊണ്ട് ഇഎഫ്എല്‍ ഉത്തരവിട്ടു. തുടര്‍ന്ന് പുറത്താക്കലിനെതിരെ സതാംപ്റ്റണ്‍ നല്‍കിയ അപ്പീല്‍ തള്ളി.















