പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ ഗുരുതരമായ ചികിത്സാപ്പിഴവ് ആരോപണവുമായി ആറന്മുള സ്വദേശിനിയായ വത്സല (68) രംഗത്ത്. ഒരു വർഷം മുൻപ് ആശുപത്രിയിൽ നിന്ന് കുത്തിവെപ്പെടുത്തതിനെ തുടർന്ന് ശരീരത്തിനുള്ളിൽ സൂചിയുടെ ഭാഗം കുടുങ്ങിയെന്നാണ് വീട്ടമ്മയുടെ പരാതി. ദുസ്സഹമായ വേദനയോടെ ഒരു വർഷത്തോളമാണ് ഇവർ ശരീരത്തിൽ സൂചിയുമായി കഴിഞ്ഞത്.
ഒരു വർഷം മുൻപ് കുത്തിവെപ്പെടുത്തതിന് ശേഷം വത്സലയ്‌ക്ക് വയറിൽ ചെറിയ രീതിയിൽ വേദന അനുഭവപ്പെടാൻ തുടങ്ങിയിരുന്നു. എന്നാൽ കുത്തിവെപ്പിന്റെ ഭാഗമായുള്ള തടിപ്പായിരിക്കാം ഇതെന്നാണ് ആദ്യമൊക്കെ കരുതിയത്. വേദന സഹിച്ചുകൊണ്ട് ഒരു വർഷത്തോളം ഇവർ നടന്നു. എന്നാൽ പിന്നീട് നടത്തിയ വിശദമായ പരിശോധനയിലാണ് വയറ്റിൽ സൂചി കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. ഇതോടെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ വച്ചുതന്നെ സൂചി പുറത്തെടുക്കാൻ ശസ്ത്രക്രിയ നടത്തിയെങ്കിലും, സൂചിയുടെ ഭാഗം പൂർണ്ണമായി പുറത്തെടുത്തില്ലെന്നും ഇപ്പോഴും കടുത്ത വേദന അനുഭവപ്പെടുന്നുണ്ടെന്നും വത്സല പറയുന്നു.
അതേസമയം, ആശുപത്രി അധികൃതർ ഈ ആരോപണം പൂർണ്ണമായി സമ്മതിക്കാൻ തയ്യാറായിട്ടില്ല. വത്സലയുടെ ശരീരത്തിൽ കുടുങ്ങിയത് കുത്തിവെപ്പിന് ഉപയോഗിക്കുന്ന സൂചി തന്നെയാണെന്നോ, ഇത് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നിന്ന് തന്നെയാണ് സംഭവിച്ചതെന്നോ ഉറപ്പിച്ചു പറയാൻ കഴിയില്ലെന്നാണ് ആശുപത്രി അധികൃതരുടെ മറുപടി. എന്നാൽ, ഇവരുടെ ശരീരത്തിൽ കണ്ടെത്തിയ സൂചി പൂർണ്ണമായി നീക്കം ചെയ്യാൻ തങ്ങൾ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി















