കൊച്ചി: പട്ടിക ജാതി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭിന്റെ മുന്‍കൂര്‍ ജാമ്യ ഹരജി ഹൈക്കോടതിയും തള്ളി. നേരത്തെ മണ്ണാര്‍ക്കാട് എസ് സി-എസ്ടി കോടതി പ്രശോഭിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു.
ജോലി വാഗ്ദാനം ചെയ്ത് പട്ടിക ജാതി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ബലാത്സംഗം, എസ്സി എസ്ടി പീഡന നിരോധന നിയമം എന്നീ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് പാലക്കാട് നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് വി വത്സനെതിരെ കേസെടുത്തത്. താമസസ്ഥലത്തെത്തി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ മൊഴി.
ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നീ നേതാക്കളുമായുള്ള അടുത്ത ബന്ധം പറഞ്ഞ് പ്രശോഭ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി യുവതിയുടെ പരാതിയില്‍ പറയുന്നുണ്ട്. സംഭവം രാഷ്ട്രീയ വിവാദമായതോടെ മറ്റു മാർഗ്ഗങ്ങളില്ലാതെ നേതൃത്വം ഇടപെട്ട് പ്രശോഭിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.















