നവി മുംബൈ: മഹാരാഷ്‌ട്രയിലെ പൊളാഡ്പൂരിന് സമീപം അംബേനാവി ചുരത്തില്‍ 1,200 അടി താഴ്ചയുള്ള കൊക്കയിലേക്ക് കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍, വന്‍ പ്രതിസന്ധികള്‍ക്കിടയിലും എട്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ തുണയായത് സ്വിച്ച് ഓഫ് ആകാതിരുന്ന ഒരു മൊബൈല്‍ ഫോണ്‍. ഞായറാഴ്ച രാത്രി തുടങ്ങിയ, കടുത്ത വെല്ലുവിളികള്‍ നിറഞ്ഞ രക്ഷാപ്രവര്‍ത്തനം തിങ്കളാഴ്ച രാത്രിയോടെയാണ് (ഏകദേശം 22 മണിക്കൂറുകള്‍ക്ക് ശേഷം) പൂര്‍ത്തിയായത്.
പോലീസും വിവിധ രക്ഷാപ്രവര്‍ത്തകരും സംയുക്തമായി നടത്തിയ തെരച്ചില്‍ ദുര്‍ഘടമായ ഭൂപ്രകൃതി, ഇരുട്ട്, കഠിനമായ ചൂട്, വഴുക്കലുള്ള പാറകള്‍ എന്നിവ കാരണം ഏറെ വൈകി. ഞായറാഴ്ച രാത്രി 10.30 ഓടെയാണ് ഒരു സ്‌കോര്‍പിയോ കാര്‍ കാണാതായെന്ന വിവരം ലഭിക്കുന്നതെന്ന് മഹാബലേശ്വര്‍ റെസ്‌ക്യൂ ടീം അംഗം സുനില്‍ ഭാട്ടിയ പറഞ്ഞു. തുടര്‍ന്ന് പ്രതാപ്ഗഡ് രക്ഷാസേനാംഗങ്ങള്‍ കൊക്കയിലേക്ക് റോപ്പുകള്‍ കെട്ടി ഇറങ്ങിയെങ്കിലും ആദ്യം കണ്ടെത്തിയത് മുന്‍പെന്നോ അപകടത്തില്‍പ്പെട്ട ഹോണ്ട സിറ്റി കാറായിരുന്നു.
ഇതോടെ അവര്‍ തിരികെ കയറി മറ്റൊരു ഭാഗത്തുനിന്ന് തെരച്ചില്‍ ആരംഭിച്ചു. ഇതിനിടെ മഹാദില്‍ നിന്നുള്ള സിസ്‌കേപ്പ് രക്ഷാസേനയും മറ്റ് സംഘങ്ങളും ഒപ്പം ചേര്‍ന്നു. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് റോഡരികിലെ ഒരു സൈന്‍ബോര്‍ഡ് വളഞ്ഞിരിക്കുന്നതും താഴെയുള്ള മരങ്ങള്‍ ഒടിഞ്ഞുകിടക്കുന്നതും ശ്രദ്ധയില്‍പ്പെട്ടത്. ഇവിടെ നിന്നും 450 മീറ്റര്‍ താഴെയായി ഒരു കാറിന്റെ കണ്ണാടിയും ഒപ്പം ഒരു മൊബൈല്‍ ഫോണും കണ്ടെത്തി.
‘ഒരു മൊബൈല്‍ ഫോണ്‍ അപ്പോഴും സ്വിച്ച് ഓഫ് ആകാതെ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഇതാണ് മൃതദേഹങ്ങള്‍ കിടക്കുന്ന കൃത്യമായ സ്ഥലം കണ്ടെത്താന്‍ സഹായിച്ചത്. ഇല്ലായിരുന്നെങ്കില്‍ ഈ വനപ്രദേശത്ത് വാഹനം കണ്ടെത്തുക അസാധ്യമാകുമായിരുന്നു,’ സുനില്‍ ഭാട്ടിയ വ്യക്തമാക്കി. തുടര്‍ന്ന് ഇരുട്ടില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തുകയും സിപ്ലൈന്‍ സംവിധാനം ഉപയോഗിച്ച് ഇവ മുകളിലെത്തിക്കുകയും ചെയ്തു. പിന്നീട് രക്ഷാപ്രവര്‍ത്തകര്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞ്, ഒരു സംഘം ഹൈവേയിലൂടെയും മറ്റൊരു സംഘം ദാബില്‍ ഗ്രാമവാസികളുടെ സഹായത്തോടെ അരുവി വഴിയും താഴേക്ക് ഇറങ്ങി.
തിങ്കളാഴ്ച രാവിലെ 7.30 ഓടെ സിസ്‌കേപ്പ് മഹാദ് സംഘം കൊക്കയിലേക്ക് ഡ്രോണ്‍ പറത്തി പരിശോധന നടത്തി. ഡ്രോണ്‍ ദൃശ്യങ്ങളിലാണ് തകര്‍ന്നടിഞ്ഞ വാഹനവും അതിന് ചുറ്റുമായി ചിതറിക്കിടക്കുന്ന ആറ് മൃതദേഹങ്ങളും വ്യക്തമായി കണ്ടത്. അപകടസ്ഥലത്തിന് സമീപമുണ്ടായിരുന്ന വന്‍തേനീച്ചക്കൂട്, വഴുക്കലുള്ള പാറകള്‍, കാട്ടുചെടികള്‍ എന്നിവ രക്ഷാപ്രവര്‍ത്തനത്തിന്റെ വേഗത കുറച്ചു. കൊക്കയ്‌ക്കുള്ളില്‍ 40 ഡിഗ്രിക്ക് അടുത്തായിരുന്നു താപനില. കടുത്ത ചൂട് കാരണം മൃതദേഹങ്ങള്‍ ജീര്‍ണ്ണിച്ചു തുടങ്ങിയിരുന്നു.
കുത്തനെയുള്ള കയറ്റത്തിലൂടെ മൃതദേഹങ്ങള്‍ ചുമന്നുകൊണ്ട് വരുന്നതിനിടെ ഒരു സ്‌ട്രെച്ചര്‍ ഒടിഞ്ഞുപോയതായും, ഒരു മൃതദേഹം മുകളിലെത്തിക്കാന്‍ മാത്രം ഒന്നര മണിക്കൂറോളം സമയമെടുത്തതായും ഭാട്ടിയ പറഞ്ഞു. തിങ്കളാഴ്ച ഉച്ചയ്‌ക്ക് 1.30 ഓടെ അഞ്ചാമത്തെ മൃതദേഹവും, 3 മണിക്ക് ആറാമത്തെയും, രാത്രി 7.15 ന് ഏഴാമത്തെയും, രാത്രി 8 മണിയോടെ എട്ടാമത്തെ മൃതദേഹവും പുറത്തെടുത്തു. അവസാന മൃതദേഹം റോഡിലെത്തിക്കാന്‍ രാത്രി 11 മണിയായി. ഇതുവരെ ഇരുന്നൂറിലധികം മൃതദേഹങ്ങള്‍ പുറത്തെടുത്തിട്ടുള്ള ഭാട്ടിയയുടെ അനുഭവം അനുസരിച്ച്, അംബേനാവി ചുരത്തിലെ ഈ ഭാഗം സ്ഥിരം അപകടമേഖലയാണ്.
2018-ന് ശേഷം മാത്രം ഈ ഒരു ഭാഗത്തുനിന്ന് നാല്‍പ്പതോളം മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്; 2018-ലെ ഒരൊറ്റ അപകടത്തില്‍ മാത്രം 30 പേരാണ് മരിച്ചത്. ഭാവിയിലെ അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ഈ അപകടമേഖലയില്‍ അത്യാധുനിക വാട്ടര്‍പ്രൂഫ് ഫോള്‍ഡിങ് സ്‌ട്രെച്ചറുകളും സ്‌പൈന്‍-ബോര്‍ഡ് ഉപകരണങ്ങളും അടിയന്തരമായി ലഭ്യമാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.















