ഹരിപ്പാട്: ഹരിപ്പാട് ഗവൺമെന്റ് ആശുപത്രിയിൽ വയറുവേദനയ്‌ക്ക് ചികിത്സ തേടിയെത്തിയ പത്തൊൻപതുകാരി പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തെറിഞ്ഞു. അവിവാഹിതയായ യുവതി ആശുപത്രിയിലെ അത്യാഹിത വിഭാഗം ശൗചാലയത്തിൽ വെച്ച് സ്വയം മറുപിള്ള വേർപെടുത്തിയാണ് പ്രസവം നടത്തിയത്. തിങ്കളാഴ്ച രാത്രി കടുത്ത വയറുവേദനയുമായി അച്ഛനും ബന്ധുവിനുമൊപ്പം എത്തിയ യുവതിയോട് ഗർഭിണിയാണോ എന്ന് ഡോക്ടർ ചോദിച്ചെങ്കിലും വയറ്റിൽ മുഴയാണെന്ന് പറഞ്ഞ് തന്ത്രപൂർവ്വം ഒളിച്ചുവെക്കുകയായിരുന്നു. കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ച കുറ്റത്തിന് പെൺകുട്ടിക്കെതിരെ പോലീസ് നിലവിൽ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
രാത്രി ഒരു മണിയോടെ ശൗചാലയത്തിൽ നിന്ന് കുഞ്ഞിന്റെ കരച്ചിൽ കേട്ട ജീവനക്കാർ നടത്തിയ തിരച്ചിലിലാണ് ജനലിലൂടെ പുറത്തേക്ക് എറിഞ്ഞ നിലയിൽ ചോരക്കുഞ്ഞിനെ കണ്ടെത്തിയത്. ആശുപത്രി പരിസരത്തെ കുറ്റിച്ചെടികൾക്കിടയിൽ കല്ലുകൾക്കും കൂർത്ത കമ്പികൾക്കും നടുവിലാണ് കുഞ്ഞ് വീണത്. ഭാഗ്യം കൊണ്ടുമാത്രമാണ് കുഞ്ഞിന്റെ ജീവൻ കഷ്ടിച്ച് രക്ഷപെട്ടത്. നഴ്‌സിങ് അസിസ്റ്റന്റ് ടോർച്ചടിച്ചു നോക്കിയപ്പോഴാണ് കുഞ്ഞിനെ കണ്ടെത്താനായതും ഉടൻ തന്നെ പ്രഥമശുശ്രൂഷ നൽകി പോലീസിനെ വിവരമറിയിച്ചതും.
പ്ലസ് ടുവിന് ശേഷം റേഡിയോഗ്രഫി പഠിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന യുവതി ഗർഭിണിയായിരുന്നു എന്ന കാര്യം വീട്ടുകാർക്കും അറിവില്ലായിരുന്നു എന്നാണ് പോലീസ് നൽകുന്ന വിവരം. ഹരിപ്പാട് ആശുപത്രിയിൽ നിന്ന് അടിയന്തര ചികിത്സയ്‌ക്ക് ശേഷം അമ്മയെയും പൂർണവളർച്ചയെത്തിയ പെൺകുഞ്ഞിനെയും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ കുഞ്ഞ് പൂർണ്ണ ആരോഗ്യവതിയാണെന്നും, ഡി.എം.ഒ-യുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി ചികിത്സാവിവരങ്ങൾ ശേഖരിച്ചതായും അധികൃതർ അറിയിച്ചു.















