കോഴിക്കോട്: നീണ്ട 20 വർഷത്തിന് ശേഷം കോഴിക്കോട് സ്വദേശി അബ്‌ദുൾ റഹീം നാട്ടിലെത്തി. കരിപ്പൂർ വിമാനം ഇറങ്ങിയ അബ്‌ദുൾ റഹീം ഒൻപത് മണിയോടെ കോടോമ്പുഴയിലെ വീട്ടിലെത്തി. ഇരുപത് വർഷക്കാലത്തെ ജയിൽ വാസത്തിന് ശേഷമാണ് അബ്ദുൾ റഹീം മോചിതനായത്.
സൗദി സമയം രാത്രി 11.55 ന് റിയാദിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സിൽ വിമാനത്തിലാണ് അബ്‌ദുൾ റഹീം യാത്ര തിരിച്ചത്. ജയിൽ ഉദ്യോഗസ്ഥരാണ് റഹീമിനെ എയർപോർട്ടിൽ എത്തിച്ച് എമിഗ്രെഷൻ ഉൾപ്പടെയുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്. റഹീമിന്റെ പവർ ഓഫ് അറ്റോണി സിദ്ധിഖ് തുവ്വൂരും കുടുംബവും റഹീമിനോടൊപ്പമുണ്ടായിരുന്നു. അതിവൈകാരിക നിമിഷങ്ങൾക്കാണ് റഹീമിന്റെ വീട് സാക്ഷ്യം വഹിച്ചത്. ജന്മനാട്ടിൽ തിരിച്ചെത്താൻ സഹായിച്ചവർക്ക് റഹീം നന്ദി പറഞ്ഞു.
2006 നവംബറിലാണ് ഹൗസ് ഡ്രൈവർ വിസയിൽ അബ്ദുൽ റഹീം റിയാദിൽ എത്തിയത്. വാഹനാപകടത്തെ തുടർന്ന് ചലനശേഷി നഷ്ടപ്പെട്ട് വൈദ്യോപകരണങ്ങളുടെ സഹായത്തോടെ ജീവിച്ചിരുന്ന അറബി ബാലനായ അനസ് അൽ ശഹ്റിയെ പരിചരിക്കലായിരുന്നു റഹീമിന്റെ ചുമതല. ഒരു മാസത്തിന് ശേഷം ഡിസംബർ 24-ന് അനസിന്റെ ദേഹത്ത് ഘടിപ്പിച്ചിരുന്ന മെഡിക്കൽ ഉപകരണത്തിൽ അബദ്ധത്തിൽ കൈ തട്ടുകയും തുടർന്ന് അനസ് മരണപ്പെടുകയുമായിരുന്നു. 2006 ഡിസംബർ 25 നാണ് സൗദി പൊലീസ് റഹീമിനെ അറസ്റ്റ് ചെയ്തത്.















