യുട്യൂബ് പ്രീമിയം ഉപയോഗിച്ച് പോഡ്കാസ്റ്റുകൾ കേൾക്കുന്നവർക്കായി അടിപൊളി മാറ്റങ്ങളുമായി കമ്പനി രംഗത്തെത്തിയിരിക്കുകയാണ്. ഉപയോക്താക്കളുടെ അനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി മൂന്ന് കിടിലൻ AI ഫീച്ചറുകളാണ് യുട്യൂബ് പുതുതായി അവതരിപ്പിക്കുന്നത്. ‘ഓൺ-ദി-ഗോ മോഡ്’ (On-The-Go Mode), ‘ഓട്ടോ സ്പീഡ്’ (Auto Speed), ‘ആസ്ക് മ്യൂസിക്’ (Ask Music) എന്നിവയാണ് ആ പുതിയ ഫീച്ചറുകൾ.
യാത്രകളിലും മറ്റും പോഡ്കാസ്റ്റുകൾ കേൾക്കുന്നവർക്ക് ഏറെ ഉപകാരപ്രദമാകുന്ന ഒന്നാണ് ‘ഓൺ-ദി-ഗോ മോഡ്’. ഉപഭോക്താക്കൾ ചലിച്ചുകൊണ്ടിരിക്കുന്ന സന്ദർഭങ്ങളിൽ പോലും വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കുന്ന രീതിയിലാണ് ഇതിന്റെ കൺട്രോൾ പേജ് ക്രമീകരിച്ചിരിക്കുന്നത്. തികച്ചും ‘ലിസണർ ഫ്രണ്ട്ലി’ ആയ ഈ ഫീച്ചർ ആദ്യഘട്ടത്തിൽ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും വൈകാതെ തന്നെ ഐ.ഒ.എസ് പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാകും.
കേൾവിക്കാരുടെ സമയം ലാഭിക്കാൻ സഹായിക്കുന്ന മറ്റൊരു ഫീച്ചറാണ് ‘ഓട്ടോ സ്പീഡ്’. പോഡ്കാസ്റ്റുകളിൽ സംഭാഷണങ്ങളുടെ വേഗത കുറഞ്ഞ ഭാഗങ്ങളിലോ അല്ലെങ്കിൽ ഒരുപാട് വിവരങ്ങൾ ഒരുമിച്ച് പറയുന്ന ഭാഗങ്ങളിലോ പ്ലേബാക്ക് വേഗത സ്വയം ക്രമീകരിക്കാൻ ഈ ഫീച്ചറിന് കഴിയും.
നിങ്ങളുടെ താല്പര്യത്തിനനുസരിച്ച് പുതിയ പോഡ്കാസ്റ്റുകൾ കണ്ടെത്തി നൽകാൻ സഹായിക്കുന്ന എഐ അധിഷ്ഠിത ഫീച്ചറാണ് ‘ആസ്ക് മ്യൂസിക്’. നിങ്ങൾക്ക് ഇഷ്ടപ്പെട്ട ജോണർ, നിലവിലെ മൂഡ്, അല്ലെങ്കിൽ ഇപ്പോൾ കാണാൻ താല്പര്യമുള്ള ഷോകൾ എന്നിവയെ അടിസ്ഥാനമാക്കി പുതിയ ശുപാർശകൾ ഇതിലൂടെ ആവശ്യപ്പെടാം. നിങ്ങൾ എന്താണോ തിരയുന്നത് അത് കൃത്യമായി കണ്ടെത്തി തരാൻ ഈ എഐ ഫീച്ചറിന് സാധിക്കും.















