കോഴിക്കോട്: വീട്ടിനുള്ളിലെ ഡൈനിങ് ടേബിളിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരി മരിച്ചു. അത്താണി കരിമ്പയിൽ ഇലാഹിയ സ്കൂളിന് സമീപം മീത്തലെ ചാലക്കൽ സുബിൻപ്രേം – അഭിരാമി ദമ്പതികളുടെ ഇളയ മകൾ അല്ലി എന്ന് വിളിക്കുന്ന അലംകൃതയാണ് മരണപ്പെട്ടത്. വ്യാഴാഴ്ച പുലർച്ചെയോടെയായിരുന്നു കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്.
ബുധനാഴ്ച രാവിലെ 10.30 ഓടെയാണ് നാടിനെ നടുക്കിയ ദാരുണമായ ഈ അപകടം സംഭവിച്ചത്. ഡൈനിങ് ടേബിളിൽ കുട്ടി തനിയെ കയറുന്ന പതിവുണ്ടായിരുന്നു. പതിവുപോലെ ടേബിളിൽ കയറിയ കുട്ടി പെട്ടെന്ന് താഴേക്ക് വീഴുകയായിരുന്നു. വീഴുന്ന ശബ്ദം കേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോൾ കണ്ടത് കുട്ടി നിലത്ത് ബോധരഹിതയായി കിടക്കുന്നതാണ്.
ഉടൻ തന്നെ കുട്ടിയെ അടുത്തുള്ള സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും പൾസ് നിരക്ക് ക്രമാതീതമായി കുറഞ്ഞു വരികയായിരുന്നു. ഇതേ തുടർന്ന് വിദഗ്ധ ചികിത്സയ്‌ക്കായി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വ്യാഴാഴ്ച പുലർച്ചെയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ആരുഷ് ആണ് മരണപ്പെട്ട അലംകൃതയുടെ ഏക സഹോദരൻ.















