ലെയ്പ്‌സിഗ്: ക്രിസ്റ്റല്‍ പാലസിന്റെ ഉജ്ജ്വലമായ യുവേഫ കോണ്‍ഫറന്‍സ് ലീഗ് വിജയത്തോടെ, വരാനിരിക്കുന്ന സീസണിലെ യൂറോപ്യന്‍ മത്സരങ്ങളില്‍ റെക്കോര്‍ഡ് പങ്കാളിത്തവുമായി പ്രീമിയര്‍ ലീഗ്. ചരിത്രത്തിലാദ്യമായി ഒമ്പത് ഇംഗ്ലീഷ് ക്ലബ്ബുകളാണ് അടുത്ത സീസണില്‍ യൂറോപ്യന്‍ വേദികളില്‍ പോരാടാനിറങ്ങുന്നത്. ലെയ്പ്‌സിഗില്‍ നടന്ന ആവേശകരമായ ഫൈനലില്‍ റായോ വല്ലെക്കാനോയെ കീഴ്‌പ്പെടുത്തിയാണ് ക്രിസ്റ്റല്‍ പാലസ് തങ്ങളുടെ കന്നി യൂറോപ്യന്‍ കിരീടം സ്വന്തമാക്കിയത്. രണ്ടാം പകുതിയില്‍ ജീന്‍-ഫിലിപ്പ് മാറ്റെറ്റ നേടിയ ഏക ഗോളാണ് പാലസിന് ചരിത്രവിജയം സമ്മാനിച്ചത്.
കഴിഞ്ഞ 12 മാസത്തിനിടെ ക്രിസ്റ്റല്‍ പാലസ് നേടുന്ന മൂന്നാമത്തെ വലിയ കിരീടമാണിത്. ഈ വിജയത്തോടെ വരാനിരിക്കുന്ന സീസണിലെ യൂറോപ്പ ലീഗിലേക്കും പാലസ് യോഗ്യത നേടി. ഇതോടെ, ഈ സീസണില്‍ യൂറോപ്യന്‍ യോഗ്യത നേടുന്ന ഒമ്പതാമത്തെ ഇംഗ്ലീഷ് ക്ലബ്ബായി പാലസ് മാറി. ഇത് പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ പുതിയൊരു റെക്കോര്‍ഡാണ്. കഴിഞ്ഞ സീസണിലും ഒമ്പത് പ്രീമിയര്‍ ലീഗ് ടീമുകള്‍ യൂറോപ്യന്‍ ടൂര്‍ണമെന്റുകളില്‍ പങ്കെടുത്തിരുന്നെങ്കിലും, ഇത്തവണ ടീമുകളില്‍ കാര്യമായ മാറ്റങ്ങളുണ്ട്.
പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ ആഴ്‌സണല്‍ സ്വാഭാവികമായും ചാമ്പ്യന്‍സ് ലീഗില്‍ ഇടംപിടിച്ചു. അവര്‍ക്കൊപ്പം മാഞ്ചസ്റ്റര്‍ യുണൈറ്റഡും മാഞ്ചസ്റ്റര്‍ സിറ്റിയും യോഗ്യത നേടിയിട്ടുണ്ട്. പ്രീമിയര്‍ ലീഗില്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തതിനൊപ്പം, യൂറോപ്പ ലീഗ് കിരീടവും ചൂടിയാണ് ഉനായ് എമെറിയുടെ ആസ്റ്റണ്‍ വില്ല ചാമ്പ്യന്‍സ് ലീഗിലേക്ക് വീണ്ടുമെത്തുന്നത്. രണ്ട് വ്യത്യസ്ത വഴികളിലൂടെയാണ് വില്ല ഇത്തവണ യോഗ്യത ഉറപ്പാക്കിയത്.
യുവേഫ കോഫിഫിഷ്യന്റ് റാങ്കിംഗിലൂടെ പ്രീമിയര്‍ ലീഗിന് ഇത്തവണ ഒരു അധിക ചാമ്പ്യന്‍സ് ലീഗ് സ്‌പോട്ട് കൂടി ലഭിച്ചിരുന്നു. ലീഗില്‍ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ആര്‍നെ സ്ലോട്ട് പരിശീലിപ്പിക്കുന്ന ലിവര്‍പൂളാണ് ഈ ആനുകൂല്യം സ്വന്തമാക്കിയത്. ആസ്റ്റണ്‍ വില്ല അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തിരുന്നതെങ്കില്‍ പ്രീമിയര്‍ ലീഗിന് ആറ് ചാമ്പ്യന്‍സ് ലീഗ് സ്‌പോട്ടുകള്‍ ലഭിക്കുമായിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അഞ്ച് ടീമുകള്‍ക്കാണ് അവസരം ലഭിച്ചിരിക്കുന്നത്.
സാധാരണയായി ആഭ്യന്തര കപ്പ് ടൂര്‍ണമെന്റുകള്‍ വിജയിക്കുന്നവര്‍ക്കാണ് ബാക്കിയുള്ള യൂറോപ്യന്‍ സീറ്റുകള്‍ ലഭിക്കാറുള്ളത്. എന്നാല്‍ പെപ് ഗ്വാര്‍ഡിയോളയുടെ കീഴിലുള്ള അവസാന സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഇരു കപ്പുകളും സ്വന്തമാക്കിയതോടെ, ഈ സ്‌പോട്ടുകള്‍ ലീഗ് പോയിന്റ് പട്ടികയിലെ അടുത്ത സ്ഥാനക്കാര്‍ക്ക് ലഭിക്കുകയായിരുന്നു. യൂറോപ്പ ലീഗില്‍ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്ത എഎഫ്‌സി ബോണ്‍മൗത്ത് ചരിത്രത്തിലാദ്യമായി യൂറോപ്യന്‍ യോഗ്യത നേടി. പ്രീമിയര്‍ ലീഗിലേക്ക് തിരിച്ചെത്തിയ ആദ്യ സീസണില്‍ത്തന്നെ അദ്ഭുതകരമായ പ്രകടനം പുറത്തെടുത്ത സണ്ടര്‍ലാന്‍ഡും ബോണ്‍മൗത്തിനൊപ്പം യൂറോപ്പ ലീഗിലുണ്ടാകും.
കോണ്‍ഫറന്‍സ് ലീഗ് വിജയികളായ ക്രിസ്റ്റല്‍ പാലസാണ് യൂറോപ്പ ലീഗിലേക്ക് യോഗ്യത നേടിയ മൂന്നാമത്തെ പ്രീമിയര്‍ ലീഗ് ടീം. അടുത്ത സീസണിലെ കോണ്‍ഫറന്‍സ് ലീഗില്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് ഒരു പ്രതിനിധി മാത്രമേ ഉണ്ടാകൂ. സീസണിന്റെ അവസാന ദിനത്തില്‍ ബ്രൈറ്റണ്‍ ആന്‍ഡ് ഹോവ് ആല്‍ബിയോണ്‍ കോണ്‍ഫറന്‍സ് ലീഗിലെ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു. നിലവിലെ ടോട്ടനം ഹോട്‌സ്പര്‍ പരിശീലകന്‍ റോബര്‍ട്ടോ ഡി സെര്‍ബിയുടെ കീഴില്‍ 2023/24 സീസണിലാണ് ബ്രൈറ്റണ്‍ അവസാനമായി യൂറോപ്യന്‍ വേദിയില്‍ (യൂറോപ്പ ലീഗ് റൗണ്ട് ഓഫ് 16) കളിച്ചത്.















