ക്രിസ്റ്റല്‍ പാലസിന് കന്നി യുവേഫ കോണ്‍ഫറന്‍സ് ലീഗ് കിരീടം സമ്മാനിച്ചുകൊണ്ട് പടികളിറങ്ങുമ്പോള്‍, ക്ലബ്ബ് വിടാനുള്ള തന്റെ തീരുമാനത്തില്‍ യാതൊരു ഖേദവുമില്ലെന്ന് വ്യക്തമാക്കി പരിശീലകന് ഒലിവര്‍ ഗ്ലാസ്നര്‍. ഫൈനലിലെ ചരിത്രവിജയത്തിന് ശേഷം കളിക്കാര്‍ക്ക് വലിയ ആദരവ് അര്‍പ്പിച്ച അദ്ദേഹം, താന്‍ എടുത്ത തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.
മത്സരത്തിന്റെ രണ്ടാം പകുതിയില്‍ ജീന്‍-ഫിലിപ്പ് മാറ്റെറ്റ നേടിയ ഗോളോടെ, കഴിഞ്ഞ 12 മാസത്തിനിടെ മൂന്ന് പ്രധാന കിരീടങ്ങളാണ് (എഫ്എ കപ്പ്, കമ്മ്യൂണിറ്റി ഷീല്‍ഡ്, കോണ്‍ഫറന്‍സ് ലീഗ്) ഗ്ലാസ്നറുടെ കീഴില്‍ പാലസ് സ്വന്തമാക്കിയത്. ലെയ്പ്സിഗില്‍ വിജയം ഉറപ്പിച്ച നിമിഷം മൈതാനത്തിലൂടെ നീളത്തില്‍ സ്ലൈഡ് ചെയ്തുകൊണ്ട് ഈ ഓസ്ട്രിയന്‍ പരിശീലകന് സന്തോഷം പങ്കുവെച്ചു. ഇതേസമയം ലണ്ടനിലെ സെല്‍ഹര്‍സ്റ്റ് പാര്‍ക്ക് സ്റ്റേഡിത്തിലെ വലിയ സ്ക്രീനില്‍ കളി കണ്ടുകൊണ്ടിരുന്ന പതിനായിരക്കണക്കിന് ആരാധകര്‍ ആവേശത്തോടെ മൈതാനത്തേക്ക് ഓടിക്കയറിയാണ് ഈ ചരിത്രനേട്ടം ആഘോഷിച്ചത്.
‘അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ ഞാന്‍ ആഴത്തിലൊന്ന് ശ്വാസം വിട്ടു. 2024 ഫെബ്രുവരിയില്‍ റോയ് ഹോഡ്ജ്സണ്‍ പകരക്കാരനായി ഞാന്‍ ഇവിടെ ചുമതലയേല്‍ക്കുമ്പോള്‍ ഞാന്‍ ഒരു മാന്ത്രികനല്ല (ഡേവിഡ് കോപ്പര്‍ഫീല്‍ഡ്) എന്ന് പറഞ്ഞിരുന്നു. ഞാന്‍ ഈ കളിക്കാരെ പിന്തുണയ്ക്കുക മാത്രമാണ് ചെയ്തത്. ഞാന്‍ എത്ര മികച്ച മാന്ത്രികനാണെങ്കിലും കളിക്കാരില്ലാതെ ഒന്നും നടക്കില്ല. ഈ വിജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും കളിക്കാര്‍ക്ക് അര്‍ഹതപ്പെട്ടതാണ്. അവര്‍ എന്നെ വിശ്വസിക്കുകയും കഠിനാധ്വാനം ചെയ്യുകയും ചെയ്തു. ഞാന്‍ കാര്യങ്ങളില്‍ കടുംപിടുത്തമുള്ള ആളാണെന്ന് അവര്‍ പറയുമായിരിക്കാം, പക്ഷേ അത് എല്ലാവരുടെയും നന്മയ്ക്ക് വേണ്ടിയാണെന്ന് അവര്‍ക്കറിയാം. ആ പരസ്പര ധാരണയാണ് ഈ ടീമിന്റെ കെട്ടുറപ്പ്. ആരാധകര്‍ ഇപ്പോള്‍ അര്‍ഹിച്ച യൂറോപ്പ ലീഗ് യോഗ്യത സ്വന്തമാക്കിയിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.
ക്ലബ്ബില്‍ തുടരുന്നതിനെക്കുറിച്ച് പുനരാലോചിക്കുമോ എന്ന ചോദ്യത്തിന് ‘ഇല്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മുന്‍പ് ടീം കഠിനമായ ഘട്ടത്തിലൂടെ കടന്നുപോയപ്പോള്‍ ആരാധകര്‍ തനിക്കെതിരെ ബാനറുകള്‍ ഉയര്‍ത്തിയ കാര്യവും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ‘അന്നും ഇന്നും എന്റെ നിലപാടില്‍ മാറ്റമില്ല. കളിക്കാര്‍ക്കും ക്ലബ്ബിനും വേണ്ടിയുള്ള ഒരു സേവകന് മാത്രമായാണ് ഞാന്‍ എന്നെ കാണുന്നത്. ‘ജീവിതത്തിലെ ഏറ്റവും മികച്ച ദിവസത്തിന് നന്ദി’ എന്ന് പറഞ്ഞുകൊണ്ട് ഒരുപാട് ആരാധകര്‍ എനിക്ക് സന്ദേശങ്ങള്‍ അയച്ചിരുന്നു. ഹോട്ടലില്‍ വെച്ച് നടന്ന യോഗത്തില്‍ ഞാന്‍ ഈ കാര്യങ്ങള്‍ കളിക്കാരോട് പങ്കുവെച്ചു. ഈ വലിയ നേട്ടത്തിന് കളിക്കാര്‍ക്കും ആരാധകര്‍ക്കും ഞാന്‍ നന്ദി പറയുന്നു,’ ഗ്ലാസ്നര്‍ വ്യക്തമാക്കി.















