വൻകൂവർ: കാനഡയിലെ സസ്‌കാച്വാനിൽ മലയാളി യുവാവ് കരടിയുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടു. വൻകൂവർ ആസ്ഥാനമായി പ്രവർത്തിക്കുന്ന യുറേനിയം എക്സ് ഡിസ്കവറി കോർപ്പറേഷന്റെ ടെക്നീഷ്യനായ 27-കാരൻ ഹൃഷികേഷ് കൊളോത്ത് ആണ് വനമേഖലയിൽ വെച്ച് മരണപ്പെട്ടത്. മെയ് 8-ന് മിനറൽ മൈനിങ് ജോലിക്കായി ഉൾക്കാടുകളിലേക്ക് പോയ സംഘത്തിന് നേരെയായിരുന്നു അപ്രതീക്ഷിതമായി കരടിയുടെ ആക്രമണമുണ്ടായത്.
സസ്‌കടൂണിൽ നിന്ന് ഏകദേശം 850 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന നോർഡ്ബൈ തടാകത്തിന് സമീപമുള്ള ‘സൂ ബേ’ പ്രോപ്പർട്ടിയിലായിരുന്നു സംഭവം. ഇവിടെ യുറേനിയം ഖനന മേഖലയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തു വരികയായിരുന്നു ഹൃഷികേഷ്. ബ്രിട്ടീഷ് കൊളംബിയയിലെ പെന്റിക്ടണിൽ മൂത്ത സഹോദരൻ അർജുൻ കൊളോത്തിനൊപ്പമായിരുന്നു ഹൃഷികേഷ് താമസിച്ചിരുന്നത്. മൂന്ന് വർഷം മുൻപാണ് ഇരുവരും കാനഡയിലേക്ക് കുടിയേറിയത്.
കാനഡയിലെ പ്രശസ്തമായ അൾട്ടിമേറ്റ് ഫൈറ്റിങ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കുക എന്നത് ഹൃഷികേഷിന്റെ വലിയൊരു സ്വപ്നമായിരുന്നു എന്ന് സഹോദരൻ അർജുൻ ഓർക്കുന്നു. ഇതിനായി കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ഇന്ത്യയിലും, പിന്നീട് കാനഡയിലെത്തിയ ശേഷവും ഹൃഷികേഷ് മിക്സഡ് മാർഷൽ ആർട്സ് പരിശീലനം അതീവ ഗൗരവത്തോടെ തുടർന്നുപോരുകയായിരുന്നു. കായികരംഗത്ത് വലിയൊരു ഭാവി കെട്ടിപ്പടുക്കാൻ ആഗ്രഹിച്ച യുവാവിന്റെ അപ്രതീക്ഷിത വിയോഗം പ്രവാസി മലയാളി സമൂഹത്തെയാകെ വലിയ ദുഃഖത്തിലാഴ്‌ത്തിയിരിക്കുകയാണ്.















