കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ തൃണമൂൽ കോൺഗ്രസ് നേതാവ് സുജിത് സാഹയുടെ ഉടമസ്ഥതയിലുള്ള പുരയിടത്തിൽ നിന്ന് വൻ ആയുധശേഖരം പോലീസ് കണ്ടെടുത്തു. കറുത്ത പ്ലാസ്റ്റിക് കവറുകളിൽ മണ്ണിൽ കുഴിച്ചിട്ട നിലയിലായിരുന്നു ആയുധങ്ങൾ. മൂന്ന് ഡബിൾ ബാരൽ തോക്കുകളും നിരവധി വെടിയുണ്ടകളുമാണ് റെയ്ഡിൽ പിടിച്ചെടുത്തത്.
അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് നിലവിൽ പോലീസ് കസ്റ്റഡിയിലുള്ള സുജിത് സാഹയെയും സഹോദരൻ അജിത് സാഹയെയും സംഭവസ്ഥലത്ത് നേരിട്ടെത്തിച്ചാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്. ചോദ്യം ചെയ്യലിൽ പ്രതികൾ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നിർണായക പരിശോധന. പിടിച്ചെടുത്ത മാരകായുധങ്ങൾ മുൻപ് ഏതെങ്കിലും ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ടോ എന്നും, ഇവ എവിടെ നിന്നാണ് എത്തിച്ചതെന്നും കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തുടർന്ന് വ്യാഴാഴ്ച ബരാസത് ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കിയ സഹോദരന്മാരെ കൂടുതൽ ചോദ്യം ചെയ്യലിനായി കോടതി പോലീസ് കസ്റ്റഡിയിൽ വിടുകയായിരുന്നു.
കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് പണം തട്ടൽ, ഭീഷണിപ്പെടുത്തൽ, 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമ സംഭവങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ഇരുവർക്കുമെതിരെ പോലീസ് നടപടിയെടുത്തത്. ഇവരുടെ പക്കൽ നിന്ന് നേരത്തെ നടത്തിയ തിരച്ചിലിൽ 27 ലക്ഷം രൂപയും മറ്റ് ആയുധങ്ങളും വിദേശ മദ്യക്കുപ്പികളും പോലീസ് കണ്ടുകെട്ടിയിരുന്നു.
ഇതിന്റെ ഭാഗമായി ജൂൺ രണ്ടിന് പാർട്ടി അധ്യക്ഷ മമത ബാനർജിയുടെ നേരിട്ടുള്ള നേതൃത്വത്തിൽ ധർണ്ണ സംഘടിപ്പിക്കാൻ ടി.എം.സി തീരുമാനിച്ചിരിക്കുകയാണ്. എന്നാൽ, കൊൽക്കത്തയിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ഈ രാഷ്‌ട്രീയ ധർണ്ണയ്‌ക്ക് പോലീസ് ഇതുവരെ ഔദ്യോഗികമായി അനുമതി നൽകിയിട്ടില്ല.















