തിരുവനന്തപുരം: നിലവിലെ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ വിമാനത്തിലെ പ്രതിഷേധത്തില്‍ കോടതി പോലീസ് റിപ്പോര്‍ട്ട് അംഗീകരിച്ചു . പ്രതികള്‍ക്കെതിരെ ചുമത്തിയ വ്യോമയാന വകുപ്പുകള്‍ ഒഴിവാക്കിയുള്ള റിപ്പോര്‍ട്ട് തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അംഗീകരിച്ചത്. കേന്ദ്രം എതിര്‍ത്തിട്ടും സംസ്ഥാനം ചുമത്തിയ വകുപ്പാണ് ഇത്.
സംഭവം നടന്ന് നാല് വര്‍ഷത്തിന് ശേഷമാണ് കേസില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ചുമത്താൻ തുനിഞ്ഞപ്പോൾ വ്യോമയാന വകുപ്പ് നിലനില്‍ക്കില്ലെന്ന് കേന്ദ്രം അറിയിച്ചിരുന്നു. എന്നാല്‍ അനധികൃതമായിചുമത്തിയ കുറ്റം ഒഴിവാക്കാന്‍ ആഭ്യന്തരവകുപ്പ് തയ്യാറായില്ല.എൽ ഡി എഫ് സര്‍ക്കാര്‍ വീണതിന് ശേഷമാണ് വകുപ്പ് ഒഴിവാക്കിയത്. പ്രതികള്‍ക്കെതിരെ വധശ്രമം, ഗൂഡാലോചന എന്നിവ നിലനിൽക്കുന്നുണ്ട്.
കണ്ണൂരില്‍ നിന്നുളള വിമാനം തിരുവനന്തപുരത്തിറങ്ങിയതിന് പിന്നാലെ പിണറായിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയായിരുന്നു . പ്രതിഷേധിച്ചവര്‍ക്കെതിരെ വധശ്രമത്തിനാണ് ആദ്യം കേസെടുത്തത്. ഫര്‍സീന്‍ മജീദ്, നവീന്‍, സുധീപ് ജയിംസ്, കെഎസ് ശബരീനാഥന്‍ എന്നിവരായിരുന്നു പ്രതിഷേധിച്ചത്. ഇവർക്ക് ജാമ്യം ലഭിക്കുമെന്നായപ്പോഴാണ് സർക്കാർ വ്യോമയാന വകുപ്പ് കൂടി ചുമത്തിയത്.















