തിരുവനന്തപുരം: മാതാപിതാക്കള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് വിലക്കിയതിലുള്ള മാനസികവിഷമത്തെ തുടര്‍ന്ന് കൗമാരക്കാരന്‍ ജീവിതം അവസാനിപ്പിച്ചു. കാട്ടാക്കട പി.ആര്‍. വില്യം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും കുറ്റിച്ചല്‍ അരികില്‍ സ്വദേശിയുമായ വൈകാശ് ആണ് മരിച്ചത്. കിടപ്പുമുറിയിലെ ജനലില്‍ ഷാള്‍ കഴുത്തില്‍ കുരുങ്ങിയ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.
സ്‌കൂള്‍ കഴിഞ്ഞെത്തിയ വൈകാശ് മാതാപിതാക്കളോട് മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടിരുന്നതായും എന്നാല്‍ അവര്‍ ഇതിന് വിസമ്മതിച്ചതായും പറയപ്പെടുന്നു. ഇതേച്ചൊല്ലി വീട്ടില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് രാത്രി ഒന്‍പതരയോടെ മുറിയില്‍ കയറി കതകടച്ച വൈകാശിനെ പത്തേമുക്കാലായിട്ടും പുറത്തേക്ക് കാണാതായതോടെയാണ് മാതാപിതാക്കള്‍ അന്വേഷിച്ചത്. വാതിലില്‍ തട്ടിവിളിച്ചിട്ടും പ്രതികരണമില്ലാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ജനലില്‍ തൂങ്ങിയ നിലയില്‍ കുട്ടിയെ കണ്ടത്.
ഉടന്‍ തന്നെ നാട്ടുകാരുടെ സഹായത്തോടെ വാതില്‍ പൊളിച്ച് അകത്തുകടന്ന് കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം നിലവില്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം വൈകാശിന്റെ സ്‌കൂളിലും ട്യൂഷന്‍ സെന്ററിലും മാതാപിതാക്കള്‍ എത്തിയിരുന്നു. പത്താം ക്ലാസുകാരനായ വൈകാശ് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് അധ്യാപകര്‍ ഇവരെ ധരിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുട്ടി ഫോണ്‍ ഉപയോഗിക്കുന്നത് നിയന്ത്രിക്കാന്‍ മാതാപിതാക്കള്‍ ആവശ്യപ്പെട്ടത്. ഈ നിര്‍ദ്ദേശമാണ് ഒടുവില്‍ വലിയൊരു ദുരന്തത്തില്‍ കലാശിച്ചത്.















