കൊച്ചി: കലൂരിൽ റോഡിലൂടെ നടന്നുപോകുകയായിരുന്ന പെൺകുട്ടികളെ ആക്രമിച്ച സംഘത്തിലെ മൂന്ന് പേർ പിടിയിലായി. മൊഴിയെടുക്കാൻ എത്തിയ പോലീസ് ഉദ്യോഗസ്ഥരിൽ ഒരാൾ പെൺകുട്ടികളോട് മോശമായി പെരുമാറിയെന്നും പരാതിയുണ്ട്.
കലൂർ ചക്കാലപ്പാടം റോഡിൽ പുലർച്ചെ 4.30 ഓടെയാണ് സംഭവം. ജോലി കഴിഞ്ഞ് നടന്നു പോകുകയായിരുന്നു പെൺകുട്ടികൾ. കമൻ്റടിച്ചത് ചോദ്യം ചെയ്തതിനായിരുന്നു ആക്രമണം. പെൺകുട്ടികളിൽ ഒരാളെ യുവാക്കൾ ക്രൂരമായി മർദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. പെൺകുട്ടിയുടെ നെഞ്ചിൽ ഉൾപ്പെടെ ചവിട്ടി പരിക്കേൽപ്പിച്ചിട്ടുണ്ട്. ഗുരുതര പരുക്കേറ്റ പെൺകുട്ടിയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരാതി പോലീസ് ഗൗരവമായി എടുത്തില്ലെന്ന് ആക്രമിക്കപ്പെട്ട പെൺകുട്ടിയുടെ സുഹൃത്തുക്കൾ പറഞ്ഞു. എന്തിനാണ് പുലർച്ചെ റോഡിലിറങ്ങി നടന്നതെന്നാണ് പൊലീസ് ചോദിച്ചത്. മൊഴിയെടുക്കാൻ എത്തിയ പോലീസ് ഉദ്യോഗസ്ഥരിൽ ഒരാൾ പെൺകുട്ടികളോട് മോശമായി പെരുമാറിയെന്നും പരാതിയുണ്ട്.















