തിരുവനന്തപുരം: നാലാഞ്ചിറയിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. മക്കളുടെ കൺമുന്നിലാണ് ക്രൂരമായ കൊലപാതകം നടന്നത്. ഉദിയന്നൂർ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഹസീന ബിവി (36) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് സുരേഷ് സംഭവത്തിന് ശേഷം കാറുമായി കടന്നു കളഞ്ഞു.
വട്ടിയൂർക്കാവ് സ്വദേശിയാണ് ഇലക്ട്രീഷ്യനായ സുരേഷ്. മണക്കാട് സ്വദേശിനിയാണ് ഹസീന. നാലഞ്ചിറയിൽ നാല് മക്കൾക്കൊപ്പം നാല് മാസം മുൻപാണ് ഇവർ ഇവിടെ വാടകയ്‌ക്ക് താമസം തുടങ്ങിയത്. 17 നും എട്ടിനും ഇടയിലാണ് മക്കളുടെ പ്രായം. അമ്മൂമ്മയും ഇവർക്കൊപ്പം താമസിച്ചിരുന്നു. ദമ്പതികൾ തമ്മിൽ തർക്കങ്ങൾ പതിവായിരുന്നു എന്നാണ് അയൽക്കാർ നൽകുന്ന വിവരം. കഴിഞ്ഞ ദിവസം സുരേഷിനെതിരെ ഹസീന മണ്ണന്തല പൊലീസിൽ പരാതി നൽകാൻ എത്തിയിരുന്നു. എന്നാൽ പൊലീസ് സുരേഷിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പ്രശ്നം പറഞ്ഞ് തീർത്ത് തിരിച്ചയക്കുകയായിരുന്നു.
പുലർച്ചെ ഇരുവരും തമ്മിൽ വീണ്ടും വഴക്കുണ്ടാകുകയായിരുന്നു. അടുക്കളയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ചാണ് സുരേഷ് ഭാര്യയെ കൊലപ്പെടുത്തിയത്. തുടർന്ന് കത്തി കഴുകി വൃത്തിയാക്കി കാറുമായി കടന്നു കളയുകയായിരുന്നു. ഹസീനയുടെ മൃതദേഹം മെഡിക്കൽ കോളേജിലക്ക് മാറ്റി. സുരേഷിനായി പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.















