ഹോങ്കോങ്: 22-ാമത് ഏഷ്യന്‍ U20 അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഉജ്ജ്വല പ്രകടനവുമായി ഇന്ത്യ രണ്ടാം സ്ഥാനം സ്വന്തമാക്കി. മത്സരങ്ങളുടെ അവസാന ദിനത്തില്‍ മൂന്ന് സ്വര്‍ണമടക്കം ആറ് മെഡലുകള്‍ കൂടി നേടിയാണ് ഇന്ത്യന്‍ കൗമാരപ്പട മെഡല്‍പട്ടികയില്‍ രണ്ടാമതെത്തിയത്. നാല് ദിവസം നീണ്ടുനിന്ന ചാമ്പ്യന്‍ഷിപ്പില്‍ 10 സ്വര്‍ണം, 5 വെള്ളി, 4 വെങ്കലം എന്നിവയുള്‍പ്പെടെ ആകെ 19 മെഡലുകളാണ് ഇന്ത്യന്‍ താരങ്ങള്‍ നേടിയത്. 14 സ്വര്‍ണവുമായി ചൈന ഒന്നാം സ്ഥാനത്തും, 18 മെഡലുകളുമായി (5 സ്വര്‍ണം) ജപ്പാന്‍ മൂന്നാം സ്ഥാനത്തുമാണ്. അവസാന ദിനത്തില്‍ മൂന്ന് സ്വര്‍ണത്തിന് പുറമെ രണ്ട് വെള്ളിയും ഒരു വെങ്കലവും ഇന്ത്യ അക്കൗണ്ടിലാക്കി.
നീരു പഥക് നയിച്ച ഇന്ത്യന്‍ വനിതകളുടെ 4×400 മീറ്റര്‍ റിലേ ടീം മീറ്റ് റെക്കോര്‍ഡോടെയാണ് സ്വര്‍ണം ചൂടിയത്. ഭൂമിക സഞ്ജയ് നെഹാതെ, തഹുറ ഖാത്തൂന്‍, സെഹ്നൂര്‍ ബാവ എന്നിവരടങ്ങിയ സഖ്യം 3 മിനിറ്റ് 38.07 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് പുതിയ ചരിത്രം കുറിച്ചത്. 2018-ല്‍ ജപ്പാന്‍ സ്ഥാപിച്ച 3:38.20 സെക്കന്‍ഡിന്റെ റെക്കോര്‍ഡാണ് ഇന്ത്യന്‍ പെണ്‍കുട്ടികള്‍ തിരുത്തിയത്. അതേസമയം, പുരുഷന്മാരുടെ 4×400 മീറ്റര്‍ റിലേയില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീമും (പിയൂഷ് രാജ്, സയ്യിദ് സബീര്‍, രഞ്ജിത് കുമാര്‍ എസ്, മുഹമ്മദ് അഷ്ഫാഖ്) 1999-ലെ പഴയ മീറ്റ് റെക്കോര്‍ഡ് മറികടന്നു. 3:05.54 സെക്കന്‍ഡിലാണ് ഇന്ത്യ ഫിനിഷ് ചെയ്തത്. ഈ ഇനത്തില്‍ ചൈന സ്വര്‍ണവും ഖത്തര്‍ വെള്ളിയും നേടി.
വനിതകളുടെ 5000 മീറ്റര്‍ മത്സരത്തില്‍ 16:53.08 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് മുസ്‌കാന്‍ ഇന്ത്യയ്‌ക്കായി ആദ്യ സ്വര്‍ണം നേടി. പുരുഷന്മാരുടെ 800 മീറ്ററില്‍ 1:48.27 സെക്കന്‍ഡില്‍ തന്റെ കരിയറിലെ ഏറ്റവും മികച്ച വ്യക്തിഗത സമയത്തോടെ വെങ്കട്ടരാം റെഡ്ഡി രണ്ടാമത്തെ സ്വര്‍ണം ഇന്ത്യയിലെത്തിച്ചു. പുരുഷന്മാരുടെ ഡിസ്‌കസ് ത്രോയില്‍ ഇന്ത്യന്‍ താരം നിശ്ചയ് 60.10 മീറ്റര്‍ ദൂരമെന്ന തന്റെ വ്യക്തിഗത മികച്ച പ്രകടനത്തോടെ നേരിയ വ്യത്യാസത്തില്‍ സ്വര്‍ണം നഷ്ടപ്പെടുത്തി വെള്ളി നേടി. കാജല്‍ ഹീരാഭായ് വാജ, ഭാവന ജി, ആരതി, നിപം എന്നിവരടങ്ങിയ വനിതകളുടെ 4×100 മീറ്റര്‍ റിലേ ടീമും 45.05 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ഇന്ത്യയ്‌ക്കായി വെള്ളി മെഡല്‍ സ്വന്തമാക്കി.















