ന്യൂഡല്‍ഹി: രാജ്യത്തിന്റെ ദീര്‍ഘദൂര വ്യോമ പ്രതിരോധ ശൃംഖലയ്‌ക്ക് കൂടുതല്‍ കരുത്തേകി റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 ട്രയംഫ് സ്‌ക്വാഡ്രന്‍ ഇന്ത്യയിലെത്തി. ഇന്ത്യന്‍ പ്രതിരോധ സേനയില്‍ ‘സുദര്‍ശന്‍ വ്യോമ പ്രതിരോധ സംവിധാനം’ എന്ന് വിളിക്കപ്പെടുന്ന ഈ അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനം ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സമുദ്രമാര്‍ഗ്ഗമാണ് ഇന്ത്യയിലെത്തിയത്. ഇത് ഉടന്‍ തന്നെ തന്ത്രപ്രധാനമായ സൈനിക മേഖലയില്‍ വിന്യസിക്കും.
2018-ല്‍ റഷ്യയുമായി ഒപ്പിട്ട കരാറിന്റെ ഭാഗമായി ഇന്ത്യയ്‌ക്ക് ലഭിക്കേണ്ട അഞ്ച് സ്‌ക്വാഡ്രനുകളില്‍ നാലാമത്തേതാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ഇതിനകം ലഭിച്ച മൂന്ന് എസ്-400 സ്‌ക്വാഡ്രനുകള്‍ ഇന്ത്യന്‍ സായുധ സേന രാജ്യത്തിന്റെ അതിര്‍ത്തി മേഖലകളില്‍ വിജയകരമായി വിന്യസിച്ചുകഴിഞ്ഞു. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്നുണ്ടായ തടസ്സങ്ങളാണ് ബാക്കിയുള്ള രണ്ട് സ്‌ക്വാഡ്രനുകളുടെ വിതരണത്തെ ബാധിച്ചത്.
എന്നാല്‍ അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അഞ്ചാമത്തെയും അവസാനത്തെയും എസ്-400 സ്‌ക്വാഡ്രന്‍ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുപുറമെ, അഞ്ച് എസ്-400 സ്‌ക്വാഡ്രനുകള്‍ കൂടി വാങ്ങുന്നതിനുള്ള അനുമതി പ്രതിരോധ സംഭരണ കൗണ്‍സില്‍ ഇതിനകം നല്‍കിയിട്ടുണ്ട്. റഷ്യന്‍ സംവിധാനത്തിന് സമാനമായ ദൂരത്തിലുള്ള ശത്രു ഡ്രോണുകളെയും മിസൈലുകളെയും വെടിവെച്ചിടാന്‍ ശേഷിയുള്ള സ്വന്തം വ്യോമ പ്രതിരോധ സംവിധാനം വികസിപ്പിക്കുന്നതിനായി ‘പ്രൊജക്റ്റ് കുശ’ എന്ന പേരില്‍ ഇന്ത്യ തദ്ദേശീയ പദ്ധതിയും ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യന്‍ പ്രതിരോധ മേഖലയിലെ പ്രമുഖ കമ്പനിയായ സോളാര്‍ ഇന്‍ഡസ്ട്രീസ് ആണ് ഇതിന്റെ നിര്‍മ്മാണ പങ്കാളി. 400 കിലോമീറ്റര്‍ വരെ സ്‌ട്രൈക്ക് റേഞ്ചുള്ള എസ്-400 മിസൈല്‍ സംവിധാനം ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായകമായ സുരക്ഷാ കവചമായി മാറിയിരിക്കുകയാണ്. പാകിസ്ഥാന്‍ വ്യോമസേനയുടെ പ്രത്യാക്രമണ ശേഷിയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് നടത്തിയ ‘ഓപ്പറേഷന്‍ സിന്ദൂരില്‍’ സുദര്‍ശന്‍ വലിയ പങ്കുവഹിച്ചു.
300 കിലോമീറ്ററിലധികം അകലെ പറക്കുകയായിരുന്ന പാകിസ്ഥാന്‍ വ്യോമസേനയുടെ അത്യാധുനിക നിരീക്ഷണ വിമാനത്തെ വെടിവെച്ചിട്ടാണ് ഉപരിതലത്തില്‍ നിന്ന് വായുവിലേക്ക് തൊടുക്കാവുന്ന മിസൈലുകളുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ദൂര പരിധിയിലെ ആക്രമണം ഇന്ത്യ രേഖപ്പെടുത്തിയത്. മെയ് 7 മുതല്‍ 10 വരെ പാകിസ്ഥാനുമായി ഉണ്ടായ സൈനിക സംഘര്‍ഷത്തിനിടയില്‍ ഇന്ത്യന്‍ വ്യോമസേന എസ്-400 വ്യാപകമായി ഉപയോഗിച്ചിരുന്നു.
ഈ സംഘര്‍ഷത്തിന് ആഴ്ചകള്‍ക്ക് ശേഷമാണ് കൂടുതല്‍ എസ്-400 സ്‌ക്വാഡ്രനുകള്‍ വാങ്ങാനുള്ള നിര്‍ദ്ദേശം ഉയര്‍ന്നുവന്നത്. ഈ മിസൈല്‍ പ്ലാറ്റ്ഫോം പ്രവര്‍ത്തിപ്പിക്കുന്നതിനായി ഇന്ത്യന്‍ സൈനികര്‍ക്ക് റഷ്യ ഇതിനകം തന്നെ പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. ഒരേസമയം ഒന്നിലധികം ആകാശ ഭീഷണികളെ ട്രാക്ക് ചെയ്യാനും തകര്‍ക്കാനും ശേഷിയുള്ള റഷ്യയുടെ ഏറ്റവും അത്യാധുനിക പ്രതിരോധ സംവിധാനമാണിത്.















