ഗുരുഗ്രാം/പഞ്ചാബ്: ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ വാര്‍ഷികത്തിന് രണ്ട് ദിവസം മാത്രം ബാക്കിനില്‍ക്കെ ഹരിയാനയിലും പഞ്ചാബിലും വ്യാപക ബോംബ് ഭീഷണി. ഹരിയാനയിലെ ഗുരുഗ്രാം മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ആസ്ഥാനത്തിനും മേയറുടെ ഓഫിസിനും, കൂടാതെ പഞ്ചാബിലെ അഞ്ച് പ്രമുഖ ക്ഷേത്രങ്ങള്‍ക്കും നേരെയാണ് ഇമെയില്‍ വഴി ബോംബ് ഭീഷണി ഉയര്‍ന്നത്. ഇതേത്തുടര്‍ന്ന് ഇരുസംസ്ഥാനങ്ങളിലും സുരക്ഷാ ഏജന്‍സികള്‍ അതീവ ജാഗ്രതയിലാണ്.
വ്യാഴാഴ്ച രാവിലെയാണ് ഗുരുഗ്രാം സെക്ടര്‍ 34-ലുള്ള മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ആസ്ഥാനത്തും മേയറുടെ ഓഫിസിലും ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം ഇമെയില്‍ വഴി ലഭിച്ചത്. വിവരമറിഞ്ഞയുടന്‍ തന്നെ പോലീസും ബോംബ് ഡിസ്‌പോസല്‍ സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി സര്‍ക്കാര്‍ ഓഫിസ് സമുച്ചയം പൂര്‍ണ്ണമായും ഒഴിപ്പിച്ചു. ജീവനക്കാരെയും പൊതുജനങ്ങളെയും സുരക്ഷിതമായി പുറത്തെത്തിച്ച ശേഷമാണ് പരിശോധന നടത്തിയത്.
‘ഹരിയാനയെ ഖാലിസ്ഥാന്‍ ആക്കുമെന്നും ദര്‍ബാര്‍ സാഹിബിനോട് (ഹര്‍മന്ദിര്‍ സാഹിബ്) ചെയ്തതിന് പ്രതികാരം ചെയ്യുമെന്നുമാണ് ഇമെയിലില്‍ ഉള്ളത്. ഒരു അനുകൂല ഖാലിസ്ഥാന്‍ ഗ്രൂപ്പിന്റെ പേരിലാണ് സന്ദേശം വന്നിരിക്കുന്നത്,’ എന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
ഗുരുഗ്രാമിന് പിന്നാലെ പഞ്ചാബിലെ അഞ്ച് പ്രമുഖ ക്ഷേത്രങ്ങള്‍ക്കും ചില സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും നേരെയും സമാനമായ ഭീഷണി സന്ദേശം എത്തി. ഇമെയിലില്‍ 1984 ജൂണില്‍ അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രത്തില്‍ നടന്ന സൈനിക നടപടിയായ (ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍) കുറിച്ച് കടുത്ത ഭാഷയിലുള്ള പരാമര്‍ശങ്ങള്‍ ഉള്ളതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഭീഷണിയെ തുടര്‍ന്ന് ജലന്ധറിലെ പ്രശസ്തമായ ദേവി താലാബ് മന്ദിര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പോലീസ് കര്‍ശന പരിശോധന നടത്തി. എന്നാല്‍ സംശയസ്പദമായ രീതിയില്‍ ഒന്നും കണ്ടെത്താനായില്ല.
ജനങ്ങളില്‍ പരിഭ്രാന്തി പരത്താന്‍ ലക്ഷ്യമിട്ടുള്ള വ്യാജ സന്ദേശമാണിതെന്നാണ് പ്രാഥമിക നിഗമനമെങ്കിലും, സുരക്ഷാ കാര്യങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയ്‌ക്കും പോലീസ് തയ്യാറായിട്ടില്ല. കഴിഞ്ഞ ഏതാനും ആഴ്ചകളായി പഞ്ചാബിലും ഹരിയാനയിലും സമാനമായ വ്യാജ ഭീഷണി സന്ദേശങ്ങള്‍ വന്നിരുന്നു.
സൈബര്‍ ക്രൈം വിഭാഗം ഇമെയിലിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ വാര്‍ഷികത്തോടനുബന്ധിച്ച് മേഖലയില്‍ നിലവില്‍ തന്നെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.















