തിരുവനന്തപുരം : സാമൂഹിക മാധ്യമങ്ങളിലെ വിമർശനങ്ങൾ സൈബര്‍ ആക്രമണമെന്ന് പരാതി നല്‍കി എസ് എഫ് ഐ നേതാവ് ശിവപ്രസാദ്.
സാമൂഹിക മാധ്യമങ്ങളില്‍ തനിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നെന്നാണ് ഡി ജി പിക്കും സൈബര്‍ പോലീസിനുംനല്‍കിയ പരാതിയിൽ എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് പറയുന്നത്. തന്റെ പേരും ചിത്രവും ഉപയോഗിച്ചുള്ള വ്യാജ പ്രചാരണമാണ് നടക്കുന്നതെന്നാരോപിച്ച് ചില സ്‌ക്രീന്‍ ഷോട്ടുകള്‍ പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്.
വ്യാജവും മാനഹാനി ഉണ്ടാക്കുന്നതുമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നതായാണ് പരാതി. തന്റെ വ്യക്തിപരമായ സത്‌പേരിനും സാമൂഹിക പ്രതിച്ഛായക്കും കടുത്ത രീതിയില്‍ ദോഷം സംഭവിച്ചതായി പരാതിയില്‍ പറയുന്നു. ഓപറേഷന്‍ തൂഫാന്റെ പേരില്‍ തനിക്കെതിരെ വ്യാജ പോസ്റ്റര്‍ നിര്‍മിച്ചു. ഇത് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്ട്‌സാപ്പ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിപ്പിച്ചു. പി എസ് സി ചോദ്യപേപ്പര്‍ ചോര്‍ത്തി പാസായെന്ന വ്യാജ പ്രചാരണം വരെ നടത്തിയെന്നും പരാതിയില്‍ആരോപിക്കുന്നു.
ആലപ്പുഴ പോലീസിന്റെ ജില്ലാ സൈബര്‍ ക്രൈം വിങ്ങിൽ രണ്ട് പരാതികളാണ് നല്‍കിയിട്ടുള്ളത്.