ചെന്നൈ: തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ. സംസ്ഥാനത്ത് ക്രമസമാധാനനില പൂർണ്ണമായും തകർന്നെന്ന് ആരോപിച്ച അദ്ദേഹം, ജനങ്ങൾക്ക് സുരക്ഷയൊരുക്കാൻ കഴിയുന്നില്ലെങ്കിൽ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചൊഴിയണമെന്നും ആവശ്യപ്പെട്ടു. തന്റെ ഔദ്യോഗിക എക്സ് (X) ഹാൻഡിലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ചെന്നൈയിലും പരിസര പ്രദേശങ്ങളിലുമായി കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 12 ലൈംഗികാതിക്രമങ്ങൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് ബിജെപി നേതാവിന്റെ ഈ കടുത്ത പ്രതികരണം. സ്കൂൾ-കോളേജ് വിദ്യാർത്ഥിനികൾ, ഗർഭിണി, ക്ലീനർ എന്നിവരടക്കം പന്ത്രണ്ടോളം പേരാണ് കഴിഞ്ഞദിവസം അതിക്രമങ്ങൾക്ക് ഇരയായത്. കൂടാതെ മൂന്ന് വയസ്സുകാരി ക്രൂരമായി കൊല്ലപ്പെട്ട സംഭവവും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
“ചെന്നൈയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 12 ലൈംഗികാതിക്രമങ്ങളാണ് നടന്നത്. അതായത് നിങ്ങളുടെ ഭരണത്തിൻ കീഴിൽ ഓരോ രണ്ട് മണിക്കൂറിലും ശരാശരി ഒരു സ്ത്രീ അല്ലെങ്കിൽ കുട്ടി വീതം ആക്രമിക്കപ്പെടുന്നു. ഇത് അങ്ങേയറ്റം ലജ്ജാകരമാണ്.”
“മുഖ്യമന്ത്രി പദവിയിലെത്തിയിട്ടും ഇപ്പോഴും ഒരു നടന്റെ മാനസികാവസ്ഥയിൽ നിന്നുമാറാൻ വിജയ്‌ക്ക് കഴിഞ്ഞിട്ടില്ല. സംസ്ഥാനം കത്തുമ്പോൾ പഴയ സഹപ്രവർത്തകരായ നടീനടന്മാരെയും സംവിധായകരെയും കണ്ട് ഫോട്ടോയെടുക്കാനാണ് മുഖ്യമന്ത്രിക്ക് താല്പര്യം.”അദ്ദേഹം ആരോപിച്ചു
ക്രൂരമായ പീഡനങ്ങൾക്ക് ഇരയായവരെയോ അവരുടെ കുടുംബങ്ങളെയോ നേരിട്ട് സന്ദർശിക്കാൻ മുഖ്യമന്ത്രി തയ്യാറാകാത്തതിനെയും നൈനാർ നാഗേന്ദ്രൻ ചോദ്യം ചെയ്തു. “മുഖ്യമന്ത്രിയുടെ ദർശനം ലഭിക്കണമെങ്കിൽ പീഡനത്തിനിരയായവർ പനയൂരിലെ (വിജയ്‌യുടെ പാർട്ടി ഓഫീസ്/വസതി) വരണമെന്നാണോ? മുഖ്യമന്ത്രിയുടെ ഈ സിനിമാക്കളിക്ക് വേണ്ടി നമ്മുടെ കുട്ടികളുടെ ഭാവി എന്തിന് ബലികഴിക്കണം? നിങ്ങൾക്ക് വോട്ട് ചെയ്ത സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ ജോസഫ് വിജയ് അടിയന്തരമായി രാജിവെക്കണം,” നൈനാർ നാഗേന്ദ്രൻ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് സ്ത്രീകൾക്കെതിരെയുള്ള പോക്‌സോ കേസുകളും അതിക്രമങ്ങളും വർദ്ധിക്കുന്നതിനെതിരെ പ്രതിപക്ഷ കക്ഷികൾ ഒന്നടങ്കം സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിനിടയിലാണ് ബിജെപിയുടെ ഈ പുതിയ നീക്കം.















