തിരുവനന്തപുരം: കേരളത്തിലെ ഡ്രൈവിങ് ലൈസൻസ് നടപടികളിൽ നിർണായക മാറ്റം വരുത്തി മോട്ടോർ വാഹന വകുപ്പ്. ലൈറ്റ് മോട്ടോർ വെഹിക്കിൾ (LMV) ഡ്രൈവിങ് ടെസ്റ്റിന്റെ ഭാഗമായി നടത്തുന്ന ‘എച്ച്’ ടെസ്റ്റിൽ ഇനി മുതൽ റിവേഴ്‌സ് എടുക്കുന്ന സമയത്ത് വാഹനത്തിലെ പിൻക്യാമറ (Rear View Camera) ഉപയോഗിക്കാൻ അനുമതി നൽകി. കേന്ദ്ര മോട്ടോര്‍ വഹിക്കിള്‍ നിയമത്തിലുള്ള മാറ്റമാണ് കേരളത്തിലും നടപ്പാക്കുന്നത്.
ഡ്രൈവിങ് ടെസ്റ്റുകൾ കൂടുതൽ പ്രായോഗികവും ആധുനിക വാഹന സാങ്കേതികവിദ്യയുമായി പൊരുത്തപ്പെടുന്നതുമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം. നിലവിൽ വിപണിയിൽ ഇറങ്ങുന്ന നിരവധി വാഹനങ്ങളിൽ പിൻക്യാമറ സംവിധാനങ്ങൾ സ്റ്റാൻഡേർഡായി ഉൾപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു മാറ്റം.
എൽഎംവി ടെസ്റ്റിലെ ‘എച്ച്’ പരീക്ഷണത്തിനിടെ വാഹനം റിവേഴ്‌സ് ചെയ്യുമ്പോൾ ഡ്രൈവർമാർക്ക് ഇനി മുതൽ പിൻക്യാമറയിലെ ദൃശ്യങ്ങൾ ഉപയോഗിക്കാം. എന്നാൽ ചില നിബന്ധനകളുണ്ടെന്നും സുരക്ഷാ മാനദണ്ഡങ്ങളിലും യാതൊരു ഇളവും ഉണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കി. ഡ്രൈവിങ് പരിശീലന രംഗത്തും ടെസ്റ്റ് നടപടികളിലും പുതിയ തീരുമാനം വലിയ മാറ്റത്തിന് വഴിവെക്കുമെന്നാണ് വിലയിരുത്തൽ. പുതിയ നിർദേശം സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രങ്ങളിൽ ഉടൻ പ്രാബല്യത്തിൽ വരും.