ഫിലാഡല്‍ഫിയ: ഫിഫ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ മൊറോക്കോയോട് സമനില വഴങ്ങിയതിന് പിന്നാലെ നിര്‍ണായക രണ്ടാം പോരിനൊരുങ്ങുകയാണ് മുന്‍ ചാമ്പ്യന്‍മാരായ ബ്രസീല്‍. ഗ്രൂപ്പ് സിയില്‍ ഹെയ്തിക്കെതിരായ മത്സരം സെലക്കാവോയ്‌ക്ക് ജയിക്കേണ്ട പോരാട്ടമായി മാറിയിരിക്കുകയാണ്. ഇന്ത്യന്‍ സമയം നാളെ രാവിലെ 6 മണിക്കാണ് ഫിലാഡല്‍ഫിയ സ്റ്റേഡിയത്തില്‍ മത്സരം.
പരിക്കില്‍ നിന്ന് മുക്തനായെങ്കിലും പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കാത്തതിനാല്‍ സൂപ്പര്‍ താരം നെയ്മര്‍ ഈ മത്സരത്തിലും കളിക്കില്ലെന്ന് ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ സ്ഥിരീകരിച്ചു. അതേസമയം, ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയ താരങ്ങള്‍ക്ക് പകരം ആദ്യ ഇലവനില്‍ മാറ്റങ്ങള്‍ വരുത്താന്‍ പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടി തയ്യാറായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
റയല്‍ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിലാണ് ബ്രസീലിന്റെ പ്രധാന പ്രതീക്ഷ. എന്‍ഡ്രിക്കിനും മത്യാസ് കുന്യയ്‌ക്കും കൂടുതല്‍ അവസരം ലഭിക്കാനും സാധ്യതയുണ്ട്. മറുവശത്ത്, ആദ്യ മത്സരത്തില്‍ സ്‌കോട്ട്ലന്‍ഡിനോട് തോറ്റ ഹെയ്തിക്കും ടൂര്‍ണമെന്റില്‍ നിലനില്‍ക്കാന്‍ വിജയം അനിവാര്യമാണ്.
ചരിത്രം ബ്രസീലിന് അനുകൂലമാണ്. ഇതുവരെ മൂന്ന് തവണ ഏറ്റുമുട്ടിയപ്പോള്‍ മൂന്നിലും ബ്രസീല്‍ ജയിച്ചപ്പോള്‍ 17 ഗോളുകള്‍ നേടിയതും വഴങ്ങിയത് ഒന്നു മാത്രവുമാണ്. 2016 കോപ്പ അമേരിക്കയില്‍ ഹെയ്തിയെ 7-1ന് തകര്‍ത്ത പ്രകടനം ആവര്‍ത്തിക്കാനാകുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.















