രോഹിത്തും കോഹ്ലിയും ലോകകപ്പ് പദ്ധതിയില്‍ തുടരുമോ? നിര്‍ണായക സൂചന നല്‍കി ബിസിസിഐ സെക്രട്ടറി

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: 2027 ഏകദിന ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീമിന്റെ തയ്യാറെടുപ്പുകള്‍ പുരോഗമിക്കുമ്പോള്‍ ആരാധകരുടെ പ്രധാന ചോദ്യമായി മാറിയിരിക്കുന്നത് വിരാട് കോഹ്ലിയുടെയും രോഹിത് ശര്‍മയുടെയും ഭാവിയാണ്. ഇരുവരും ലോകകപ്പ് പദ്ധതിയുടെ ഭാഗമാകുമോയെന്ന ചോദ്യത്തിന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ നേരിട്ട് മറുപടി നല്‍കിയില്ലെങ്കിലും, ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ പങ്കാളികളുമായും സ്ഥിരമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് വ്യക്തമാക്കി.

”ക്രിക്കറ്റ് കമ്മിറ്റി, സെലക്ടര്‍മാര്‍, പരിശീലകസംഘം, താരങ്ങള്‍ തുടങ്ങി എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായം പരിഗണിച്ചാണ് തീരുമാനങ്ങള്‍ എടുക്കുന്നത്. ഇത്തരം തന്ത്രപരമായ കാര്യങ്ങള്‍ പരസ്യമായി വെളിപ്പെടുത്താനാകില്ല,” എന്നാണ് സൈകിയയുടെ പ്രതികരണം. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയ വിരാട് കോഹ്ലി പരിക്ക് കാരണം അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പര നഷ്ടപ്പെടുത്തിയെങ്കിലും ഇംഗ്ലണ്ടിനെതിരായ മത്സരങ്ങള്‍ക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.

മറുവശത്ത്, മുംബൈ ഇന്ത്യന്‍സിനായി ഐപിഎല്ലില്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ രോഹിത്തിന് സാധിച്ചില്ലെങ്കിലും അഫ്ഗാനിസ്ഥാനെതിരായ ഏകദിനത്തില്‍ ഫോമിന്റെ സൂചനകള്‍ നല്‍കിയിട്ടുണ്ട്. 2027 ലോകകപ്പിനായുള്ള ഇന്ത്യയുടെ പദ്ധതികളില്‍ ഈ രണ്ട് സീനിയര്‍ താരങ്ങള്‍ക്കും ഇപ്പോഴും നിര്‍ണായക സ്ഥാനമുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ലെങ്കിലും, ബിസിസിഐയുടെ ആഭ്യന്തര ചര്‍ച്ചകള്‍ തുടരുകയാണ്.

Share