ന്യൂഡല്‍ഹി: കാല്‍നടയാത്രക്കാരുടെ സുരക്ഷയെ മുന്‍നിര്‍ത്തി നിര്‍ണായക നിരീക്ഷണവുമായി സുപ്രീംകോടതി. പൊതുവഴികളിലൂടെ സുരക്ഷിതമായി നടക്കാനുള്ള സൗകര്യം ഒരുക്കുന്നത് പൗരന്റെ അടിസ്ഥാന അവകാശത്തിന്റെ ഭാഗമാണെന്നും, രാജ്യത്തെ എല്ലാ റോഡുകളിലും ഗുണമേന്മയുള്ള നടപ്പാതകള്‍ ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.
റോഡുകളില്‍ ഏറ്റവും കൂടുതല്‍ പരിഗണന ലഭിക്കേണ്ടത് വാഹനങ്ങള്‍ക്കല്ല, കാല്‍നടയാത്രക്കാര്‍ക്കാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. സുരക്ഷിതവും തടസ്സങ്ങളില്ലാത്തതുമായ നടപ്പാതകളുടെ അഭാവം ആളുകളെ റോഡിലേക്ക് ഇറങ്ങാന്‍ നിര്‍ബന്ധിതരാക്കുകയും അത് അപകടസാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.
നടപ്പാതകള്‍ കൈയേറ്റങ്ങളില്‍ നിന്ന് സംരക്ഷിക്കപ്പെടുകയും ഭിന്നശേഷിക്കാര്‍ക്കും എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന രീതിയില്‍ രൂപകല്‍പ്പന ചെയ്യപ്പെടുകയും വേണമെന്ന് കോടതി അഭിപ്രായപ്പെട്ടു. നഗരങ്ങളിലും ഗ്രാമങ്ങളിലും പൊതുമരാമത്ത് വികസനത്തിന്റെ ഭാഗമായി കാല്‍നടയാത്രക്കാരുടെ ആവശ്യങ്ങള്‍ അവഗണിക്കാനാകില്ലെന്നും കോടതി ഓര്‍മ്മിപ്പിച്ചു.
നടപ്പാതകളുടെ നിര്‍മ്മാണത്തിനും പരിപാലനത്തിനും വ്യക്തമായ നിയമപരമായ ഉത്തരവാദിത്തം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നഗരസഭകള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും നല്‍കുന്ന പ്രത്യേക നിയമനിര്‍മാണം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
ജസ്റ്റിസുമാരായ പി.എസ്. നരസിംഹയും അതുല്‍ എസ്. ചന്ദൂര്‍ക്കറും ഉള്‍പ്പെട്ട ബെഞ്ചാണ് സുപ്രധാന നിരീക്ഷണങ്ങള്‍ നടത്തിയത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1)(d), ആര്‍ട്ടിക്കിള്‍ 21 എന്നിവയുടെ ആത്മാവുമായി ബന്ധപ്പെട്ട അവകാശമാണ് സുരക്ഷിതമായി സഞ്ചരിക്കാനും നടക്കാനുമുള്ള അവകാശമെന്ന് കോടതി വിലയിരുത്തി.
റോഡ് വികസന പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ വേര്‍തിരിച്ചും നന്നായി പരിപാലിക്കപ്പെടുന്നതുമായ നടപ്പാതകള്‍ ഒരുക്കേണ്ടത് വികസന അതോറിറ്റികളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും ഉത്തരവാദിത്തമാണെന്നും കോടതി വ്യക്തമാക്കി. ഈ അവകാശം ലംഘിക്കപ്പെടുന്ന സാഹചര്യങ്ങളില്‍ പൗരന്മാര്‍ക്ക് ഭരണഘടനാപരമായും നിയമപരമായും നഷ്ടപരിഹാരം തേടാനുള്ള അവകാശവും നിലനില്‍ക്കുന്നതായി സുപ്രീംകോടതി ചൂണ്ടിക്കാട്ടി.















