തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെതിരെ കടുത്ത വിമര്‍ശനവുമായി ബിജെപി നിയമസഭാ കക്ഷിനേതാവ് ബി.ബി. ഗോപകുമാര്‍ എംഎല്‍എ. വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും അവ നടപ്പാക്കാന്‍ ആവശ്യമായ സാമ്പത്തിക ഉറവിടങ്ങളെക്കുറിച്ച് വ്യക്തതയില്ലാത്ത, യാഥാര്‍ഥ്യബോധമില്ലാത്ത രേഖയാണ് സര്‍ക്കാര്‍ അവതരിപ്പിച്ചതെന്ന് അദ്ദേഹം നിയമസഭയിലെ ബജറ്റ് ചര്‍ച്ചയില്‍ ആരോപിച്ചു.
ബജറ്റിലെ നിരവധി പ്രഖ്യാപനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളുടെ പേരുമാറ്റം മാത്രമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. വികസനത്തിന്റെ ചിത്രം വരച്ചുകാട്ടാന്‍ ശ്രമിച്ചെങ്കിലും കണക്കുകളിലും വകയിരുത്തലുകളിലും അത് പ്രതിഫലിക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
യുവാക്കള്‍, കര്‍ഷകര്‍, സാധാരണക്കാര്‍ എന്നിവരെ ലക്ഷ്യമിട്ട് വമ്പന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും അവയ്‌ക്ക് വളരെ കുറഞ്ഞ തുക മാത്രമാണ് വകയിരുത്തിയതെന്ന് ഗോപകുമാര്‍ ചൂണ്ടിക്കാട്ടി. വയോജന ക്ഷേമത്തിനും ഗ്ലോബല്‍ ഫര്‍ണിച്ചര്‍ മാര്‍ട്ടിനും സമാനമായ 10 കോടി രൂപ വീതം മാറ്റിവെച്ചിരിക്കുന്നതിനെ അദ്ദേഹം ചോദ്യം ചെയ്യുകയും സര്‍ക്കാര്‍ ഇതിന് വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
സംസ്ഥാനത്തിന് ലഭിക്കാനുള്ള ഏകദേശം 25,000 കോടി രൂപയുടെ നികുതി കുടിശ്ശിക എങ്ങനെ പിരിച്ചെടുക്കുമെന്നതിനെക്കുറിച്ച് ബജറ്റില്‍ ഒരു സൂചനപോലുമില്ലെന്നും അദ്ദേഹം ആരോപിച്ചു. മുന്‍ ബജറ്റിനെ അപേക്ഷിച്ച് പദ്ധതി വിഹിതത്തില്‍ കുറവുണ്ടായതായും വിദ്യാഭ്യാസ മേഖലയില്‍ മാറ്റം വേണമെന്ന് പറയുമ്പോഴും കഴിഞ്ഞ ബജറ്റിനെക്കാള്‍ 302 കോടി രൂപ കുറവാണ് നീക്കിവെച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സാഗര്‍മാല ഉള്‍പ്പെടെയുള്ള കേന്ദ്ര പദ്ധതികളെ പുതിയ പേരില്‍ അവതരിപ്പിച്ചാണ് സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. കേരളത്തിന് അനുവദിച്ച സാഗര്‍മാല പദ്ധതിയെ അടിസ്ഥാനമാക്കി ‘മിഷന്‍ സമുദ്ര’ എന്ന പേരില്‍ വീണ്ടും അവതരിപ്പിച്ചിരിക്കുകയാണെന്നും ഇത് യഥാര്‍ത്ഥത്തില്‍ പുതിയ ആശയമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പുതിയ മെഡിക്കല്‍ കോളജുകള്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് നിലവില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതുണ്ടെന്നും പാരിപ്പള്ളി മെഡിക്കല്‍ കോളജിന്റെ അവസ്ഥ അടിയന്തര ശ്രദ്ധ അര്‍ഹിക്കുന്നതാണെന്നും ഗോപകുമാര്‍ പറഞ്ഞു. ക്ഷേമ പെന്‍ഷന്‍ വര്‍ധനയുമായി ബന്ധപ്പെട്ട യാതൊരു നിര്‍ദേശവും ബജറ്റില്‍ ഇല്ലാത്തതും അദ്ദേഹം വിമര്‍ശനവിധേയമാക്കി.
ഐഎന്‍ടിയുസ് നേതാവ് ചന്ദ്രശേഖരനുമായി ബന്ധപ്പെട്ട് ഉയര്‍ന്ന കശുവണ്ടി അഴിമതി ആരോപണത്തില്‍ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമസഭയില്‍ ആര്‍എസ്എസിനെ സംബന്ധിച്ച് എല്‍ഡിഎഫും യുഡിഎഫും പരസ്പരം ആരോപണപ്രത്യാരോപണങ്ങള്‍ ഉന്നയിച്ചതും അദ്ദേഹം പരാമര്‍ശിച്ചു.
കേരളത്തില്‍ ഭാവിയില്‍ ബിജെപിക്കും ഭരണസാധ്യതയുണ്ടെന്ന സി.പി.എം അംഗം സി. രവീന്ദ്രനാഥിന്റെ പരാമര്‍ശത്തെ സ്വാഗതം ചെയ്ത ഗോപകുമാര്‍, സംസ്ഥാന രാഷ്‌ട്രീയത്തില്‍ പുതിയ സാഹചര്യങ്ങള്‍ രൂപപ്പെടുകയാണെന്ന വിലയിരുത്തലും പങ്കുവച്ചു.















