കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല രോഗബാധ വീണ്ടും സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കി. നാദാപുരം കുമ്മങ്കോട് സ്വദേശിയായ ഏഴ് വയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഷിഗെല്ലയുടെ ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗം കണ്ടെത്തിയ പ്രദേശത്ത് പ്രതിരോധ നടപടികള്‍ വ്യാപിപ്പിച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം മാവൂരില്‍ മരിച്ച 54-കാരനും ഷിഗെല്ല സ്ഥിരീകരിച്ചതോടെ ജില്ലയില്‍ നിരീക്ഷണം കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്. സംസ്ഥാനത്ത് ഷിഗെല്ല കേസുകളും മരണങ്ങളും ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ജില്ലയായി കോഴിക്കോട് തുടരുകയാണ്. ജൂണ്‍ മാസത്തില്‍ മാത്രം 40-ലധികം രോഗബാധകള്‍ ഇവിടെ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഷിഗെല്ല ബാക്ടീരിയ മൂലമുണ്ടാകുന്ന ഷിഗല്ലോസിസ് എന്ന കുടല്‍ അണുബാധയുടെ പ്രധാന ലക്ഷണം കടുത്ത വയറിളക്കമാണ്. സമയബന്ധിതമായി ചികിത്സ ലഭിക്കാത്ത പക്ഷം രോഗം ഗുരുതരമാകാനും ജീവന് ഭീഷണിയാകാനും സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. മലിനജലം, ശുചിത്വമില്ലാത്ത ഭക്ഷണം, കേടായ ആഹാരസാധനങ്ങള്‍ എന്നിവയിലൂടെ രോഗം എളുപ്പത്തില്‍ പകരാം. രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ക്കും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കുമാണ് കൂടുതല്‍ അപകടസാധ്യതയുള്ളത്.
രോഗബാധിതരുമായി സമ്പര്‍ക്കത്തില്‍ വന്നാല്‍ ഒന്നോ രണ്ടോ ദിവസത്തിനകം ലക്ഷണങ്ങള്‍ പ്രകടമാകാമെങ്കിലും ചിലരില്‍ ഒരാഴ്ചയ്‌ക്ക് ശേഷവും രോഗം കണ്ടെത്താനാകുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗബാധയുള്ള വ്യക്തികള്‍ തയ്യാറാക്കുന്ന ഭക്ഷണം കഴിക്കുന്നതിലൂടെയും അണുബാധ പകരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ വ്യക്തിശുചിത്വവും പരിസര ശുചിത്വവും കര്‍ശനമായി പാലിക്കുകയും ശുദ്ധമായ ഭക്ഷണവും കുടിവെള്ളവും മാത്രം ഉപയോഗിക്കുകയും ചെയ്യണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഷിഗെല്ല രോഗവ്യാപനം അവഗണിക്കരുതെന്നും സമയോചിതമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കാത്ത പക്ഷം വ്യാപനസാധ്യത വര്‍ധിക്കാമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. രോഗലക്ഷണങ്ങള്‍ അനുഭവപ്പെടുന്നവര്‍ ഉടന്‍ വൈദ്യസഹായം തേടണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.















