കോഴിക്കോട്: ദേശീയപാതയിൽ റോഡ് മുറിച്ചുകടക്കാനായി ഡിവൈഡറിനടുത്ത് നിന്ന സ്ത്രീ കാറിടിച്ച് മരിച്ചു. മൂരാട് താനാട്ട് സ്വദേശിനി മോളി (52) ആണ് മരിച്ചത്. അപകടത്തിൽ കാർ യാത്രികർക്കും പരിക്കേറ്റു.
വ്യാഴാഴ്ച രാവിലെ 11.24ഓടെയായിരുന്നു അപകടം. പാനൂരിൽ നിന്ന് കോഴിക്കോട്ടേക്ക് സഞ്ചരിക്കുകയായിരുന്ന കാർ നിയന്ത്രണം വിട്ട് മോളിയെ ഇടിച്ചുതെറിപ്പിച്ച ശേഷം ഡിവൈഡറിൽ ഇടിച്ച് നിൽക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ മോളിക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തെ തുടർന്ന് കാറിന്റെ മുൻഭാഗം തകർന്നതിനാൽ അകത്ത് കുടുങ്ങിയ യുവാക്കളെ രക്ഷാപ്രവർത്തകർ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
അപകടത്തിൽ പരിക്കേറ്റ തലശ്ശേരി തെക്കെപാനൂർ സ്വദേശികളായ ഷാഹിൽ (18), അസിം (18), ബിലാൽ (17) എന്നിവരെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽ അന്വേഷണം ആരംഭിച്ചു.















