കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ദക്ഷിണ 24 പർഗാനാസ് ജില്ലയിലെ ബരൂയ്പൂരിൽ 11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി പ്രബാഷ് മൊണ്ഡൽ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. തെളിവെടുപ്പിനായി സ്ഥലത്തെത്തിച്ച പ്രതി പോലീസിനെ ആക്രമിക്കുകയും ഉദ്യോഗസ്ഥന്റെ സർവീസ് പിസ്റ്റൾ തട്ടിയെടുത്ത് വെടിയുതിർത്ത് രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ പ്രബാഷ് മൊണ്ഡലിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു പൊലീസ് ഉദ്യോഗസ്ഥനും ആക്രമണത്തിൽ പരിക്കേറ്റതായി അധികൃതർ അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ചയാണ് ബരൂയ്പൂരിലെ ഒരു പ്രദേശത്ത് 11 വയസ്സുകാരിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. കുട്ടിയെ കാണാതായതിനെ തുടർന്ന് കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിച്ചതാണെന്ന് കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് പ്രബാഷ് മൊണ്ഡലിനൊപ്പം മറ്റ് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിലും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് പ്രതികളെ തെളിവെടുപ്പിനായി കുറ്റകൃത്യം നടന്ന സ്ഥലത്തെത്തിച്ചത്. ഇതിനിടെയാണ് പ്രതി രക്ഷപ്പെടാൻ ശ്രമിച്ചതും വെടിവെപ്പിലേക്ക് കാര്യങ്ങൾ നീങ്ങിയതും.
പോക്സോ നിയമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയാണ് കേസിൽ അന്വേഷണം പുരോഗമിക്കുന്നത്. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട ഫോറൻസിക് റിപ്പോർട്ടുകളും മറ്റ് ശാസ്ത്രീയ തെളിവുകളും അന്വേഷണത്തിന്റെ ഭാഗമാക്കി പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.















