കറാച്ചി: ഷാർജയിൽ നിന്ന് പാകിസ്താനിലെ കറാച്ചിയിലേക്ക് ചരക്കുമായി എത്തിയിരുന്ന കെ2 എയർവേയ്‌സിന്റെ ബോയിങ് 737-400 കാർഗോ വിമാനം അറബിക്കടലിന് മുകളിൽ കാണാതായി. വിമാനത്തിൽ അഞ്ച് ജീവനക്കാരാണ് ഉണ്ടായിരുന്നതെന്ന് പാകിസ്താൻ എയർപോർട്ട് അതോറിറ്റി സ്ഥിരീകരിച്ചു. വിമാനം കടലിൽ തകർന്നുവീണിരിക്കാമെന്ന ആശങ്ക ശക്തമായതോടെ പാക് നാവികസേനയും വ്യോമസേനയും സംയുക്തമായി വൻ തിരച്ചിൽ ആരംഭിച്ചു.
ചൊവ്വാഴ്ച രാത്രി പ്രാദേശിക സമയം 9.18-ഓടെ വിമാനത്തിന്റെ നാവിഗേഷൻ സംവിധാനത്തിൽ തകരാർ ഉണ്ടായതായി പൈലറ്റ് കറാച്ചി എയർ ട്രാഫിക് കൺട്രോളിനെ അറിയിച്ചിരുന്നു. ഉടൻ തന്നെ വിമാനത്തിന് മാർഗനിർദേശം നൽകാൻ ശ്രമിച്ചെങ്കിലും മൂന്ന് മിനിറ്റിനുശേഷം റഡാറിൽ വിമാനം അതിവേഗത്തിൽ താഴേക്ക് പതിക്കുന്നതും ദിശയിൽ പെട്ടെന്നുള്ള മാറ്റം സംഭവിക്കുന്നതും രേഖപ്പെടുത്തി. തുടർന്ന് വിമാനവുമായുള്ള റേഡിയോ-റഡാർ ബന്ധം പൂർണമായും നഷ്ടമായി. കറാച്ചിയിൽ നിന്ന് ഏകദേശം 155 നോട്ടിക്കൽ മൈൽ (ഏകദേശം 287 കിലോമീറ്റർ) പടിഞ്ഞാറ് ഭാഗത്താണ് വിമാനം അവസാനമായി റഡാറിൽ പതിഞ്ഞത്.
ഫ്ലൈറ്റ് ട്രാക്കിങ് പ്ലാറ്റ്ഫോമുകളുടെ പ്രാഥമിക വിവരങ്ങൾ പ്രകാരം വിമാനം ആദ്യം അൽപസമയം ഉയർന്നെങ്കിലും പിന്നീട് അതിവേഗത്തിൽ താഴേക്ക് പതിക്കുകയായിരുന്നു. അവസാനമായി ലഭിച്ച സിഗ്നലിൽ വിമാനം ഏകദേശം 1,100 അടി ഉയരത്തിലായിരുന്നുവെന്നും അതിവേഗ ഇറക്കം രേഖപ്പെടുത്തിയിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
സംഭവത്തെ തുടർന്ന് പാകിസ്താൻ റെസ്ക്യൂ കോ-ഓർഡിനേഷൻ സെന്റർ അടിയന്തരമായി സജീവമാക്കി. പാക് നാവികസേനയുടെ യുദ്ധക്കപ്പലായ പിഎൻഎസ് സുൾഫിക്കർ, പാക് വ്യോമസേനയുടെ നിരീക്ഷണ വിമാനങ്ങൾ എന്നിവ തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. പാകിസ്താൻ നാഷണൽ ഷിപ്പിങ് കോർപ്പറേഷന്റെ വ്യാപാരക്കപ്പലുകളും തിരച്ചിലിനായി വിന്യസിച്ചിട്ടുണ്ട്.
2018-ൽ പ്രവർത്തനം ആരംഭിച്ച കറാച്ചി ആസ്ഥാനമായ സ്വകാര്യ കാർഗോ വിമാനക്കമ്പനിയാണ് കെ2 എയർവേയ്‌സ്. വിമാനം കാണാതാകാനിടയായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കാലാവസ്ഥ, സാങ്കേതിക തകരാർ, മറ്റ് സാധ്യതകൾ എന്നിവ ഉൾപ്പെടെ എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്ന് പാകിസ്താൻ അധികൃതർ അറിയിച്ചു.















