ന്യൂഡല്‍ഹി: ഇന്ത്യയുടെ സിംബാബ്വെ പര്യടനത്തിനും ഐച്ചി-നാഗോയയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിനുമായി മുന്‍ ഇന്ത്യന്‍ താരം വി.വി.എസ്. ലക്ഷ്മണിന്റെ നേതൃത്വത്തിലുള്ള പരിശീലക സംഘത്തെ ബിസിസിഐ നിയോഗിച്ചു. ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ മേധാവിയായ ലക്ഷ്മണിനൊപ്പം ബാറ്റിംഗ് പരിശീലകന്‍ ഹൃഷികേശ് കാനിറ്റ്കറും ബൗളിംഗ് പരിശീലകന്‍ സുനില്‍ ജോഷിയും ടീമിനൊപ്പമുണ്ടാകും.
ഇംഗ്ലണ്ടിനെതിരായ ഏകദിന-ടി20 പരമ്പര ജൂലൈ 19ന് അവസാനിക്കുന്നതിനാല്‍, ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായ ഗൗതം ഗംഭീറിനും അദ്ദേഹത്തിന്റെ പരിശീലക സംഘത്തിനും വിശ്രമം നല്‍കുന്നതിനായാണ് ഈ ക്രമീകരണം. ജൂലൈ 23, 25, 27 തീയതികളില്‍ ഹരാരെയില്‍ നടക്കുന്ന മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയ്‌ക്കായാണ് ഇന്ത്യ സിംബാബ്വെയിലേക്ക് പോകുന്നത്. ഇംഗ്ലണ്ട് പരമ്പര അവസാനിച്ച് നാല് ദിവസത്തിനുള്ളിലാണ് ഈ പര്യടനം ആരംഭിക്കുന്നത്.
അതേസമയം, ഏഷ്യന്‍ ഗെയിംസ് നടക്കുന്ന സമയത്ത് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെതിരെ സ്വന്തം നാട്ടില്‍ ഏകദിന-ടി20 പരമ്പരയും കളിക്കും. ആ പരമ്പരയില്‍ ഏകദിന ടീമിനൊപ്പം ഗൗതം ഗംഭീര്‍ തുടരും. ഇതോടെയാണ് ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യന്‍ ടീമിന്റെ ചുമതല ലക്ഷ്മണിനും സംഘത്തിനും കൈമാറിയത്. രണ്ടാംനിര ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുന്നതില്‍ ലക്ഷ്മണിന് മികച്ച അനുഭവമുണ്ട്. 2024ലെ സിംബാബ്വെ പര്യടനത്തില്‍ ശുഭ്മന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള ടീമിന്റെ മുഖ്യ പരിശീലകനായിരുന്ന ലക്ഷ്മണിന്റെ കീഴിലാണ് അഭിഷേക് ശര്‍മ്മ അന്താരാഷ്‌ട്ര അരങ്ങേറ്റം കുറിച്ചത്.
2023ലെ ഹാങ്ഷൗ ഏഷ്യന്‍ ഗെയിംസിലും ഇന്ത്യന്‍ ടീമിന്റെ പരിശീലക ചുമതല ലക്ഷ്മണിനായിരുന്നു. അന്ന് രാഹുല്‍ ദ്രാവിഡ് ഏകദിന ലോകകപ്പിനായി സീനിയര്‍ ടീമിനൊപ്പമായിരുന്നു.















