തിരുവനന്തപുരം: ശബരിമലയിലെ തന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കണ്ഠര് രാജീവര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കി. ഈ വര്‍ഷത്തെ മണ്ഡല-മകരവിളക്ക് തീര്‍ഥാടനകാലത്ത് തന്ത്രിയുടെ ചുമതല ഏറ്റെടുക്കേണ്ടത് രാജീവറായിരുന്നെങ്കിലും, വ്യക്തിപരമായ കാരണങ്ങളാല്‍ സ്ഥാനത്ത് നിന്ന് മാറിനില്‍ക്കാന്‍ താന്‍ തയ്യാറാണെന്ന് അദ്ദേഹം കത്തില്‍ അറിയിച്ചു.
തനിക്ക് പകരം മകന്‍ ബ്രഹ്‌മദത്തനെ ശബരിമല തന്ത്രിയായി നിയമിക്കണമെന്ന ആവശ്യവും കത്തിലുണ്ട്. കൂടാതെ, മേല്‍ശാന്തിയെ തിരഞ്ഞെടുക്കുന്നതിനായി രൂപീകരിക്കുന്ന അഭിമുഖ സമിതിയില്‍ (ഇന്റര്‍വ്യൂ ബോര്‍ഡ്) നിന്ന് തന്നെ ഒഴിവാക്കണമെന്നും അദ്ദേഹം ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, കത്ത് ലഭിച്ചെങ്കിലും വിഷയത്തില്‍ ഉടന്‍ തീരുമാനമെടുക്കാനാകില്ലെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാട്. ശബരിമല തന്ത്രിസ്ഥാനം സംബന്ധിച്ച വിഷയം നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍, കോടതിയുടെ അനുമതിയില്ലാതെ നിയമനവുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കില്ലെന്ന് ബോര്‍ഡ് വ്യക്തമാക്കി.
ഹൈക്കോടതിയുടെ തുടര്‍നിര്‍ദേശങ്ങള്‍ ലഭിച്ചതിന് ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളാനാകൂ എന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു. ശബരിമലയിലെ തന്ത്രിസ്ഥാനം സംബന്ധിച്ച ഈ പുതിയ നീക്കം മണ്ഡലകാലം അടുത്തെത്തുന്ന സാഹചര്യത്തില്‍ ശ്രദ്ധേയമായ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.















