ലാസ് വെഗാസ്: മുന്‍ WWE ലോക ചാമ്പ്യനും ബെല്ലേറ്റര്‍ എംഎംഎ താരവുമായ ജേക്ക് ഹേഗറിനെ (ജാക്ക് സ്വാഗര്‍) ഒറ്റ അടിയില്‍ നോക്ഔട്ട് ചെയ്ത് ഇന്ത്യന്‍ താരം അമന്‍പ്രീത് സിങ് (മഹാബലി ഷേര) പവര്‍ സ്ലാപ് 21-ല്‍ വമ്പന്‍ വിജയം സ്വന്തമാക്കി. ലാസ് വെഗാസില്‍ നടന്ന മത്സരത്തിന്റെ മൂന്നാം റൗണ്ടിലാണ് ഷേരയുടെ അതിശക്തമായ സ്ലാപില്‍ ഹേഗര്‍ വേദിയിലേക്ക് വീണ് ബോധരഹിതനായത്.
44-കാരനായ ഹേഗറിന്റെ പ്രൊഫഷണല്‍ പോരാട്ട ജീവിതത്തിലെ ആദ്യ നോക്ഔട്ട് തോല്‍വിയാണിത്. മൂന്ന് മാസം മുമ്പ് പവര്‍ സ്ലാപ്പിലെ അരങ്ങേറ്റ മത്സരത്തില്‍ നോക്ഔട്ട് വിജയം നേടിയിരുന്ന ഹേഗറിനെയാണ് ഇത്തവണ ഇന്ത്യന്‍ താരം അക്ഷരാര്‍ഥത്തില്‍ നിലംപരിശാക്കിയത്.
WWE ആരാധകര്‍ക്ക് ജാക്ക് സ്വാഗര്‍ എന്ന പേരില്‍ സുപരിചിതനായ ഹേഗര്‍, എംഎംഎ കരിയര്‍ അവസാനിപ്പിച്ച ശേഷം പവര്‍ സ്ലാപ്പുമായി ആറ് മത്സരങ്ങളുടെ കരാറില്‍ ഒപ്പുവെച്ചിരുന്നു. ബെല്ലേറ്റര്‍ എംഎംഎയില്‍ തോല്‍വിയറിയാതെയാണ് അദ്ദേഹം 2023-ല്‍ വിരമിച്ചത്. മത്സരത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ആരാധകരില്‍ നിന്ന് നിരവധി പ്രതികരണങ്ങളാണ് ഉയര്‍ന്നത്. ‘സ്വാഗറിനെ ഒറ്റ അടിയില്‍ പറത്തിക്കളഞ്ഞു’ എന്നായിരുന്നു ഒരു ആരാധകന്റെ പ്രതികരണം. ‘ഇന്ത്യന്‍ താരങ്ങളുടെ കരുത്തിന്റെ തെളിവാണിത്’ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
പഞ്ചാബ് സ്വദേശിയായ അമന്‍പ്രീത് സിങ്, മഹാബലി ഷേര എന്ന പേരിലാണ് പ്രൊഫഷണല്‍ റെസ്ലിങ് ലോകത്ത് ശ്രദ്ധ നേടിയത്. മുന്‍പ് TNA Impact Wrestling ല്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ശ്രദ്ധേയ പ്രകടനം നടത്തിയ അദ്ദേഹം, പിന്നീട് അമേരിക്കന്‍ പവര്‍ സ്ലാപ്പ് മത്സരങ്ങളിലേക്ക് മാറുകയായിരുന്നു. ഈ വിജയത്തോടെ പവര്‍ സ്ലാപ്പിലെ ശ്രദ്ധേയ താരങ്ങളിലൊരാളായി ഷേര തന്റെ സ്ഥാനം കൂടുതല്‍ ഉറപ്പിച്ചു.