ഹെല്‍സിങ്കി: യൂറോപ്യന്‍ മണ്ണില്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെ അഭിമാനമായി കുതിപ്പ് തുടരുകയാണ് മിനര്‍വ അക്കാദമി എഫ്‌സി. ലോകത്തിലെ ഏറ്റവും പ്രശസ്തമായ യൂത്ത് ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളിലൊന്നായ ഗോതിയ കപ്പില്‍ കിരീടം നിലനിര്‍ത്തി മിനര്‍വ വീണ്ടും ചരിത്രം കുറിച്ചു. ഫൈനലില്‍ ബ്രസീലിയന്‍ ടീമായ ആര്‍എസ് സ്‌പോര്‍ട്‌സ് യെല്ലോയെ 2-1ന് തോല്‍പ്പിച്ചാണ് ഇന്ത്യന്‍ അക്കാദമിയുടെ സ്വര്‍ണനേട്ടം. ഇതോടെ ഒരാഴ്ചയ്‌ക്കിടെ രണ്ട് അന്താരാഷ്‌ട്ര യൂത്ത് കിരീടങ്ങള്‍ സ്വന്തമാക്കുന്ന അപൂര്‍വ നേട്ടവും മിനര്‍വ കൈവരിച്ചു. അടുത്തിടെ നടന്ന ഹെല്‍സിങ്കി കപ്പിലും മിനര്‍വ ചാമ്പ്യന്‍മാരായിരുന്നു.
ഫൈനലില്‍ കിപ്‌ഗെന്‍ താങ്‌സാങ്ലന്‍ നേടിയ ഗോളിലൂടെയാണ് മിനര്‍വ ആദ്യം ലീഡെടുത്തത്. ബ്രസീലിയന്‍ ടീം പിന്നീട് സമനില പിടിച്ചെങ്കിലും നിര്‍ണായക നിമിഷത്തില്‍ ഫ്രീകിക്കിലൂടെ മെഖാംഖ്രാവ് നോങ്‌ട്രെം നേടിയ ഗോള്‍ മിനര്‍വയ്‌ക്ക് കിരീടം ഉറപ്പിച്ചു. കഴിഞ്ഞ ആഴ്ച നടന്ന ഹെല്‍സിങ്കി കപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ എച്ച്‌ജെകെ ഹെല്‍സിങ്കിയെ തോല്‍പ്പിച്ചായിരുന്നു മിനര്‍വയുടെ മറ്റൊരു കിരീട നേട്ടം. കഴിഞ്ഞ വര്‍ഷം ഇതേ ടീമിനോട് ഫൈനലില്‍ തോറ്റതിന്റെ മധുരപ്രതികാരവും കൂടിയായിരുന്നു ആ വിജയം.
അന്താരാഷ്‌ട്ര വേദികളില്‍ ഇതിനുമുമ്പും മിനര്‍വ ശ്രദ്ധ നേടിയിട്ടുണ്ട്. ഈ സീസണില്‍ സ്‌പെയിനില്‍ നടന്ന മെഡിറ്ററേനിയന്‍ ഇന്റര്‍നാഷണല്‍ കപ്പില്‍ ലിവര്‍പൂള്‍ എഫ്‌സിയുടെ അണ്ടര്‍-15 ടീമിനെ 6-0ന് തകര്‍ത്തത് ലോക ഫുട്‌ബോള്‍ ശ്രദ്ധിച്ച പ്രകടനമായിരുന്നു. നോര്‍വേ കപ്പും ഡാന കപ്പും സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ടീമെന്ന നേട്ടവും ഇതിനകം മിനര്‍വയുടെ പേരിലുണ്ട്. ഇന്ത്യന്‍ യൂത്ത് ഫുട്‌ബോളിന് ആഗോളതലത്തില്‍ പുതിയ പ്രതീക്ഷയും അംഗീകാരവും സമ്മാനിക്കുകയാണ് ഈ അക്കാദമിയുടെ തുടര്‍ച്ചയായ വിജയങ്ങള്‍.















