അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന പടക്കനിര്‍മാണ യൂണിറ്റിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ എട്ട് പേര്‍ മരിച്ചു. പത്തിലധികം പേര്‍ക്ക് പരിക്കേറ്റതായി പോലീസ് അറിയിച്ചു. രാമോള്‍ഗത്രാദ് റോഡിന് സമീപത്തെ തുറസായ സ്ഥലത്ത് പ്രവര്‍ത്തിച്ചിരുന്ന യൂണിറ്റിലായിരുന്നു അപകടം. ആദ്യഘട്ടത്തില്‍ രണ്ട് മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കിലും രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചതോടെ മരണസംഖ്യ എട്ടായി ഉയര്‍ന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവസമയത്ത് 12 മുതല്‍ 15 വരെ തൊഴിലാളികള്‍ യൂണിറ്റില്‍ ജോലി ചെയ്തിരുന്നതായി ജോയിന്റ് പോലീസ് കമ്മിഷണര്‍ ജയ്പാല്‍ സിങ് റാത്തോഡ് അറിയിച്ചു. തുറസായ സ്ഥലത്താണ് പടക്കനിര്‍മാണം നടന്നിരുന്നതെന്നും അദ്ദേഹം പറഞ്ഞു. യൂണിറ്റിന്റെ ഉടമ മെഹുല്‍ ഡോഡിയയാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഫാക്ടറിയുടെ ലൈസന്‍സ് നേരത്തേ റദ്ദാക്കിയിരുന്നെങ്കിലും നിയമവിരുദ്ധമായി നിര്‍മാണം തുടരുകയായിരുന്നുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
സ്‌ഫോടനത്തെ തുടര്‍ന്ന് ഉണ്ടായ തീപിടിത്തം അഗ്‌നിശമനസേന നിയന്ത്രണവിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു. സംഭവസ്ഥലത്ത് ഫോറന്‍സിക് സയന്‍സ് ലബോറട്ടറി സംഘവും മറ്റ് അന്വേഷണ ഏജന്‍സികളും പരിശോധന നടത്തി വരികയാണ്. സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്. സംഭവത്തില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യ, സ്‌ഫോടകവസ്തു നിയമം എന്നിവയിലെ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
അതേസമയം, അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ വീതവും, പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും ധനസഹായം നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കൂടാതെ, ദുരിതബാധിതര്‍ക്ക് ആവശ്യമായ എല്ലാ സഹായവും പ്രാദേശിക ഭരണകൂടം ഉറപ്പാക്കുന്നുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.















