കോഴിക്കോട്: പാളയം പുതിയ കോവിലകംപറമ്പിൽ യുവാവിനെ വീട്ടിനുള്ളിൽ ചോരവാർന്ന് മരിച്ച നിലയിൽ കണ്ടെത്തി. പുതിയ കോവിലകംപറമ്പ് സ്വദേശി ബിജുവാണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
വീടിന് പുറത്തായി നിർമിച്ചിരിക്കുന്ന മുറിയിലാണ് ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറി പുറത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നുവെന്നാണ് വിവരം. കഴുത്തിലും വയറിന്റെ ഭാഗത്തുമായി വെട്ടേറ്റ പാടുകളുണ്ടെന്നും പൊലീസ് അറിയിച്ചു.
ഓപ്പറേഷൻ തൂഫാനിന്റെ ഭാഗമായി പ്രദേശത്ത് നടക്കുന്ന ലഹരിവിരുദ്ധ പരിശോധനകളിൽ ബിജു പൊലീസിന് വിവരങ്ങൾ കൈമാറിയിരുന്നുവെന്നാണ് ലഭിക്കുന്ന സൂചന. ഇതുമായി ബന്ധപ്പെട്ട വൈരാഗ്യമാണോ കൊലപാതകത്തിന് പിന്നിലെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. എന്നാൽ ഇക്കാര്യം പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
സംഭവസ്ഥലത്ത് ഫോറൻസിക് സംഘവും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ കണ്ടെത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.















