‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Published by
ജനം വെബ്‌ഡെസ്ക്

കൊച്ചി: കറിക്ക് ആവശ്യത്തിന് ഉപ്പില്ലെന്നും ഫിഷ് ഫ്രൈ ഫ്രഷ് അല്ലെന്നുമാരോപിച്ച് അങ്കമാലിയിലെ ഹോട്ടലിൽ ഷെഫിനെ ഉടമ കറിക്കത്തി കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു. അങ്കമാലി മീൻ വിലാസം ഹോട്ടലിലാണ് സംഭവം. ആക്രമണത്തിൽ ഷെഫിന്റെ കൈയ്‌ക്ക് ആഴത്തിൽ മുറിവേറ്റു. സംഭവത്തിൽ ഹോട്ടൽ ഉടമയ്‌ക്കെതിരെ അങ്കമാലി പൊലീസ് കേസെടുത്തു.

വിവരമനുസരിച്ച്, ഭക്ഷണത്തിന്റെ ഗുണനിലവാരത്തെ ചൊല്ലി ഹോട്ടൽ ഉടമയും ഷെഫും തമ്മിൽ ആദ്യം വാക്കേറ്റമുണ്ടായി. ഫിഷ് ഫ്രൈ പുതിയതല്ലെന്നും  കറിക്ക് ഉപ്പ് കുറഞ്ഞെന്നും പറഞ്ഞായിരുന്നു തർക്കം. വാക്കേറ്റം രൂക്ഷമായതോടെ ഉടമ കയ്യിലുണ്ടായിരുന്ന കറിക്കത്തി ഉപയോഗിച്ച് ഷെഫിനെ ആക്രമിക്കുകയായിരുന്നു.

സംഭവസമയത്ത് ഹോട്ടലിലുണ്ടായിരുന്ന ജീവനക്കാരുടെയും ദൃക്സാക്ഷികളുടെയും മൊഴി പൊലീസ് ശേഖരിക്കുന്നുണ്ട്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്.

Share