ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി അറസ്റ്റില്‍

Published by
ജനം വെബ്‌ഡെസ്ക്

പാലക്കാട്/ഡല്‍ഹി: പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ വധക്കേസില്‍ ഒളിവിലായിരുന്ന പ്രതി മുഹമ്മദ് അലി എന്‍ഐഎയുടെ പിടിയിലായി. ഇന്റര്‍പോളിന്റെ സഹായത്തോടെ സൗദി അറേബ്യയിലെ ജിദ്ദയില്‍ നിന്നാണ് പ്രതിയെ കണ്ടെത്തിയത്. ഡല്‍ഹിയിലെത്തിച്ച ശേഷമാണ് എന്‍ഐഎ അറസ്റ്റ് രേഖപ്പെടുത്തിയത്.

അറസ്റ്റിലായ മുഹമ്മദ് അലി പോപ്പുലര്‍ ഫ്രണ്ടിന്റെ പാലക്കാട് ജില്ലാ പ്രസിഡന്റായിരുന്നു. ജിദ്ദയില്‍ മൂന്ന് മാസത്തോളം ജയിലില്‍ കഴിഞ്ഞ ശേഷമാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നതെന്നാണ് വിവരം. 2022 ഏപ്രില്‍ 16-നാണ് പാലക്കാട് മേലാമുറിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ ശ്രീനിവാസനെ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. കേസിന് തീവ്രവാദ ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അന്വേഷണം എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു.

പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിന് പ്രതികാരമായാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നാണ് എന്‍ഐഎയുടെ അന്വേഷണത്തില്‍ കണ്ടെത്തിയത്. കേസില്‍ നിരവധി പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മുഹമ്മദ് അലിയുടെ അറസ്റ്റ് കേസന്വേഷണത്തിലെ നിര്‍ണായക മുന്നേറ്റമായാണ് വിലയിരുത്തപ്പെടുന്നത്.

Share