വഡോദര: ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന ബുള്ളറ്റ് ട്രെയിനിന്റെ ആദ്യ ബോഡി ഫ്രെയിം പൂര്‍ത്തിയായി. ഫ്രെയിം സ്‌ക്വീസ് ടെസ്റ്റിനായി അയച്ചതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. അടുത്ത വര്‍ഷം മേയ്-ജൂണ്‍ മാസത്തോടെ ഇന്ത്യയുടെ സ്വന്തം ബുള്ളറ്റ് ട്രെയിന്‍ ട്രാക്കിലെത്തി പരീക്ഷണ ഓട്ടം ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വഡോദരയില്‍ നടന്ന ‘നമോ ഫോര്‍ വികസിത് ഭാരത്’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അശ്വിനി വൈഷ്ണവ്. രണ്ടുമുതല്‍ നാല് മാസം വരെ പരീക്ഷണ ഓട്ടം നടത്തിയ ശേഷമായിരിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.
ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതോടെ വഡോദരയില്‍ നിന്ന് മുംബൈയിലേക്ക് വെറും ഒന്നര മണിക്കൂറിനുള്ളില്‍ യാത്ര ചെയ്യാന്‍ സാധിക്കുമെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. ആത്മനിര്‍ഭര്‍ ഭാരത് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന്റെ ഭാഗമായാണ് ഇന്ത്യയില്‍ തന്നെ ബുള്ളറ്റ് ട്രെയിന്‍ നിര്‍മിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയില്‍ ഇടനാഴിയിലെ സൂറത്ത്ബിലിമോറ ഭാഗം അടുത്ത വര്‍ഷം കമ്മീഷന്‍ ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ മറ്റ് ഭാഗങ്ങളുടെയും നിര്‍മാണം പ്രതീക്ഷിച്ചതിലും വേഗത്തില്‍ പുരോഗമിക്കുകയാണെന്നും നേരത്തെ അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയിരുന്നു. രാജ്യത്തെ ആദ്യ ഹൈസ്പീഡ് റെയില്‍ പദ്ധതിയായ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ഇന്ത്യയുടെ റെയില്‍ ഗതാഗത രംഗത്ത് വലിയ മാറ്റത്തിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.















