തിരുവനന്തപുരം: കേരള നിയമസഭയിലെ ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസ് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കേരള രാഷ്‌ട്രീയത്തില്‍ ചരിത്രപരമായ തുടക്കമാണിതെന്നും എല്‍.ഡി.എഫിനും യു.ഡി.എഫിനും ബദലായി ജനങ്ങളുടെ വിശ്വാസം നേടിയ പുതിയ രാഷ്‌ട്രീയ ശക്തിയായി ബിജെപി ഉയര്‍ന്നുവരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ബി.ബി. ഗോപകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജനകീയ വിഷയങ്ങളില്‍ ഉറച്ച നിലപാടെടുത്ത് ജനങ്ങളുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും നിയമസഭയില്‍ ശക്തമായി ഉയര്‍ത്തിക്കാട്ടുന്നതിനുള്ള പ്രവര്‍ത്തനകേന്ദ്രമായി പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസ് മാറുമെന്ന് അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുടെ ശബ്ദം സഭയ്‌ക്കുള്ളില്‍ ഫലപ്രദമായി പ്രതിഫലിപ്പിക്കുന്നതിനുള്ള പ്രധാന വേദിയാകും ഈ ഓഫീസെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉദ്ഘാടനച്ചടങ്ങില്‍ വി. മുരളീധരന്‍ എം.എല്‍.എ, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ്, കുമ്മനം രാജശേഖരന്‍, കരമന ജയന്‍, കെ. സോമന്‍, അഡ്വ. ജെ.ആര്‍. പദ്മകുമാര്‍, ഓഫീസ് ഏകോപന ചുമതലയുള്ള അഖില്‍ പാലോട്ടുമഠം എന്നിവരും പങ്കെടുത്തു.