കൊച്ചി: സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയം അടിയന്തരമായി പ്രഖ്യാപിക്കണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി ആവശ്യപ്പെട്ടു. മദ്യലഭ്യത ക്രമാതീതമായി കുറയ്‌ക്കുന്ന സമീപനമായിരിക്കണം പുതിയ നയത്തിന്റെ അടിസ്ഥാനമെന്നും സമിതി വ്യക്തമാക്കി.
പഴയ യുഡിഎഫ് സർക്കാരുകൾ സ്വീകരിച്ച മദ്യനയത്തിന്റെ അടിസ്ഥാനതത്വങ്ങൾ തുടരണമെന്നും വീര്യം കുറഞ്ഞ മദ്യത്തിന്റെ ഉൽപ്പാദനത്തിനോ വിൽപ്പനയ്‌ക്കോ അനുമതി നൽകാൻ പാടില്ലെന്നും കെസിബിസി ആവശ്യപ്പെട്ടു.
മാരക ലഹരിവസ്തുക്കൾക്കെതിരായ സംസ്ഥാന സർക്കാരിന്റെ നടപടികളെ സ്വാഗതം ചെയ്യുന്നുവെന്നും, മദ്യവും ഒരു ലഹരിവസ്തുവാണെന്ന കാര്യം സർക്കാർ മറക്കരുതെന്നും കെസിബിസി ചൂണ്ടിക്കാട്ടി. വീര്യം കൂടിയ മദ്യത്തിന്റെ അളവ് ഘട്ടംഘട്ടമായി കുറച്ച് സമ്പൂർണ മദ്യനിരോധനം ലക്ഷ്യമിടുന്ന യുഡിഎഫിന്റെ പ്രകടനപത്രികയിലെ വാഗ്ദാനത്തോട് സർക്കാർ കൂറുപുലർത്തണമെന്നും സമിതി ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി രൂപീകരിക്കുന്ന “തൂഫാൻ വാരിയേഴ്സ്” പോലുള്ള സംവിധാനങ്ങളിൽ വർഷങ്ങളുടെ പ്രവർത്തനപരിചയമുള്ള ലഹരിവിരുദ്ധ പ്രവർത്തകരെ അവഗണിക്കുന്നത് വിരോധാഭാസമാണെന്നും കെസിബിസി വിമർശിച്ചു. ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികളിൽ കെസിബിസിയുടെ റിസോഴ്‌സ് ടീമിനെ ഉൾപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു.
ലഹരിക്കെതിരായ പ്രവർത്തനങ്ങളിൽ ക്രിമിനൽ പശ്ചാത്തലമുള്ളവരെയും ഗുണ്ടാസംഘങ്ങളുമായി ബന്ധമുള്ളവരെയും മദ്യം പ്രോത്സാഹിപ്പിക്കുന്ന സംഘടനകളെയും ഒഴിവാക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു.
അതേസമയം, വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകുന്ന നീക്കത്തിനെതിരെ മുസ്ലിം ലീഗും മാർത്തോമാ സഭയും നേരത്തെ രംഗത്തെത്തിയിരുന്നു. വീര്യം കുറഞ്ഞതോ കൂടിയതോ എന്ന വ്യത്യാസമില്ലാതെ മദ്യം വിൽക്കാൻ പാടില്ലെന്നാണ് മുസ്ലിം ലീഗിന്റെ നിലപാട്. മദ്യരഹിത കേരളമാണ് ലക്ഷ്യമാകേണ്ടതെന്ന് മാർത്തോമാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പൊലീത്തയും അഭിപ്രായപ്പെട്ടിരുന്നു.















