കാസർകോട്: ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ കമ്മിറ്റിയുമായി സിപിഎം. കാസര്‍കോട് ജില്ലയില്‍ ടെമ്പിള്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു. ഏരിയാ തലങ്ങളില്‍ ക്ഷേത്ര ഭാരവാഹികളുടെ യോഗങ്ങള്‍ വിളിച്ചുചേര്‍ക്കുകയും ചെയ്തു. എല്ലാ ജില്ലകളിലും കമ്മിറ്റികള്‍ രൂപീകരിക്കാനാണ് തീരുമാനം. സിപിഎം നേതാവ് പി ജയരാജനാണ് സംസ്ഥാനതല ചുമതല നല്‍കിയിരിക്കുന്നത്.
ക്ഷേത്ര ആഘോഷങ്ങൾ, ഉത്സവങ്ങൾ, വിവിധ സാംസ്കാരിക പരിപാടികൾ എന്നിവയിൽ പാർട്ടി കേഡറുകളുടെ സാന്നിധ്യവും ഇടപെടലും വർധിപ്പിച്ച് പിന്നീട് ക്ഷേത്രം കമ്മിറ്റിയിൽ കയറി പറ്റുകയുമാണ് ലക്ഷ്യം. മലബാർ മേഖലയിൽ പ്രത്യേകിച്ചും കണ്ണൂരും കാസർകോടും പാർട്ടിക്കേറ്റ തിരിച്ചടിയാണ് ഇത്തരം ഒരു നീക്കത്തിന് പിന്നിൽ. ഒപ്പം ക്ഷേത്ര ഭരണസമിതികളുമായും വിശ്വാസികളുമായി കൂടുതൽ ആശയവിനിമയം നടത്തുന്നതിനും പ്രാദേശിക തലത്തിൽ ബന്ധം ശക്തിപ്പെടുത്തുന്നതിനുമാണ് ഏരിയാ തല യോഗങ്ങൾ സംഘടിപ്പിക്കുന്നത്.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെയാണ് പുതിയ തന്ത്രവുമായി സിപിഎം രംഗത്തെത്തിയിരിക്കുന്നത്. കാസർകോട് ജില്ലയിൽ ആരംഭിച്ച ഈ മാതൃക സംസ്ഥാനത്തിന്റെ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് പാർട്ടി നേതൃത്വം ലക്ഷ്യമിടുന്നത്.
ശബരിമല യുവതി പ്രവേശനം, ശബരിമല സ്വർണ്ണക്കൊള്ള എന്നിവയ്‌ക്ക് പിന്നാലെ വിശ്വാസികൾ പാർട്ടിയുമായി അകന്നു എന്ന് പാർട്ടിക്ക് ബേധ്യപ്പെട്ടിരുന്നു. അതിന്റെ പരിക്ക് തീർത്ത് വിശ്വാസികളുമായി അടുക്കാനായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് ആഗോള അയ്യപ്പ സംഗമത്തിലൂടെ ശ്രമിച്ചത്. എന്നാൽ അത് അപ്പാടെ പാളിപ്പോയി. ഇതിന് പിന്നാലെയാണ് അടുത്ത അടവുമായി രംഗത്ത് എത്തിയിരിക്കുന്നത്. നിലവിൽ മലബാറിലെ പല ക്ഷേത്രങ്ങളിലും സിപിഎം കടന്നു കയറിയിട്ടുണ്ട്. പുതിയ നീക്കത്തിലൂടെ ക്ഷേത്രം തന്നെ പിടിച്ചെടുക്കാനാണ് ശ്രമം നടക്കുന്നത്. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ക്ഷേത്ര ഭാരവാഹികളുടെയും പാർട്ടി അനുഭാവികളുടെയും യോഗങ്ങൾ സംഘടിപ്പിക്കുമെന്നാണ് സൂചന.















