കോഴിക്കോട്: 2026-27 ഇന്ത്യന്‍ ഫുട്‌ബോള്‍ ലീഗ് സീസണിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ബ്രസീലിയന്‍ പരിശീലകനായ കാര്‍ലോസ് എഡ്വാര്‍ഡോ പരെയ്രയെ സീനിയര്‍ പുരുഷ ടീമിന്റെ മുഖ്യപരിശീലകനായി ഗോകുലം കേരള എഫ്സി നിയമിച്ചു. അന്താരാഷ്‌ട്ര തലത്തില്‍ സമ്പന്നമായ പരിശീലന പരിചയമുള്ള പരെയ്രയുടെ വരവിലൂടെ പുതിയ സീസണില്‍ കിരീടം ലക്ഷ്യമിട്ടാണ് ക്ലബ്ബിന്റെ നീക്കം. എഎഫ്സി പ്രൊ ലൈസന്‍സ് നേടിയ പരിശീലകനായ പരെയ്ര ബ്രസീല്‍, ഇന്തോനേഷ്യ, സൗദി അറേബ്യ, തായ്ലന്‍ഡ്, അമേരിക്ക എന്നിവിടങ്ങളിലായി വിവിധ ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.
ബ്രസീലിന്റെ അണ്ടര്‍-15, അണ്ടര്‍-17 ദേശീയ ടീമുകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്തോനേഷ്യന്‍ ക്ലബ്ബായ മദുറ യുണൈറ്റഡില്‍ നിന്നാണ് പരെയ്ര ഗോകുലം കേരളയിലേക്ക് എത്തുന്നത്. ഇതിനുമുമ്പ് ബ്രസീലിലെ ക്ലൂബെ സൊസിയദാഡെ എസ്‌പോര്‍ട്ടിവ ടീമിനെ പരിശീലിപ്പിച്ച അദ്ദേഹം 2025 അലഗോവാസ് കപ്പിലേക്ക് ടീമിനെ നയിച്ചിരുന്നു. സൗദി അറേബ്യയിലെ അല്‍-ഖൈസുമ എഫ്സി, തായ്ലന്‍ഡിലെ ചിയാങ്‌മൈ എഫ്സി, അമേരിക്കയിലെ ലാസ് വെഗാസ് യുണൈറ്റഡ് എഫ്സി എന്നീ ക്ലബ്ബുകളിലും അദ്ദേഹം പരിശീലക ചുമതല വഹിച്ചിട്ടുണ്ട്.
കൂടാതെ 2009 ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പിലും 2010 ഫിഫ ലോകകപ്പിലും ദക്ഷിണാഫ്രിക്ക ദേശീയ ടീമിന്റെ അസിസ്റ്റന്റ് കോച്ചായും പ്രവര്‍ത്തിച്ച അനുഭവസമ്പത്തുമുണ്ട്. തന്ത്രപരമായ സമീപനം, ശക്തമായ നേതൃത്വം, യുവതാരങ്ങളെ വളര്‍ത്തിയെടുക്കുന്നതിലെ മികവ് എന്നിവയാണ് പരെയ്രയുടെ പ്രധാന സവിശേഷതകളായി വിലയിരുത്തപ്പെടുന്നത്. ബ്രസീല്‍ അണ്ടര്‍-15, അണ്ടര്‍-17 ദേശീയ ടീമുകള്‍ക്കൊപ്പമുള്ള പ്രവര്‍ത്തനത്തിലൂടെ നിരവധി യുവതാരങ്ങളുടെ വളര്‍ച്ചയില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.
പുതിയ സീസണില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ലീഗ് കിരീടം സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗോകുലം കേരള എഫ്സി മുന്നൊരുക്കങ്ങള്‍ നടത്തുന്നത്. പരെയ്രയുടെ അന്താരാഷ്‌ട്ര പരിശീലന പരിചയം ക്ലബ്ബിന്റെ ലക്ഷ്യസാക്ഷാത്കാരത്തിന് കരുത്താകുമെന്നാണ് മാനേജ്മെന്റിന്റെ പ്രതീക്ഷ.